Sunday 30 September 2012

പാലാ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്റെ മെത്രാഭിഷേകം നാളെ





 ദൈവവിളിയുടെ വിളനിലമായ പാലാ രൂപതയുടെ നിയുക്തസഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ ഒക്‌ടോബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ കത്തീഡ്രലില്‍ നടക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേകശുശ്രൂഷകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും ശുശ്രൂഷകളില്‍ സഹകാര്‍മ്മികരായിരിക്കും.
നിയുക്തമെത്രാനെ പാലാ മെത്രാസന മന്ദിരത്തില്‍ നിന്ന് തിരുകര്‍മ്മങ്ങള്‍ നടക്കുന്ന പാലാ കത്തീഡ്രലിലേക്ക് സീറോമലബാര്‍ സഭയുടെയും സഹോദര സഭകളായ ലത്തീന്‍, മലങ്കര സഭകളുടേയും ബിഷപ്പുമാര്‍ചേര്‍ന്ന് വരവേല്‍ക്കും. കത്തീഡ്രല്‍ പാരിഷ്ഹാളിലെത്തുന്ന നിയുക്തബിഷപ്പിനെയും വൈദിക മേലധ്യക്ഷന്മാരെയും രൂപതാതനയരും വൈദിക-സന്യസ്തവൃന്ദവും ചേര്‍ന്ന്് കത്തീഡ്രലിലേക്ക് സ്വീകരിച്ചാനയിക്കും. പേപ്പല്‍പതാകളും മുത്തുകടകളും കൊടിതോരണങ്ങളും ചേര്‍ന്നൊരുക്കുന്ന വര്‍ണശബളിമയില്‍കുളിച്ചായിരിക്കും ചടങ്ങുകള്‍ക്ക് കത്തീഡ്രല്‍ ആതിഥ്യമരുളുക.
മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ച്് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖസന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ ജേക്കബ് മുരിക്കനെ ബിഷപ്പായി നിയമിച്ചുകൊണ്ട് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്‍പ്പന (ബൂള) പാലാ രൂപത ചാന്‍സിലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍ വായിക്കും. തുടര്‍ന്ന് ഈ കല്പനയുടെ മലയാള പരിഭാഷ. കല്പന വായിച്ചുകഴിയുന്നതോടെ നിയുക്തമെത്രാന്‍ തിരുകര്‍മ്മങ്ങളിലും അജപാലന ശുശ്രൂഷയിലും സ്വര്‍ഗീയ മധ്യസ്ഥരുടെ അനുഗ്രഹം തേടി വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങി പ്രാര്‍ത്ഥിക്കും. ഈ പ്രാര്‍ത്ഥനയ്ക്ക് ശേഷം നിയുക്തമെത്രാന്‍ തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്ന ചടങ്ങാണ്. ശുശ്രൂഷകളുടെ ഭാഗമായി ഇടയശുശ്രൂഷയുടെ സ്ഥാനിക ചിഹ്നങ്ങളായ തൊപ്പിയും അംശവടിയും മുഖ്യകാര്‍മ്മികന്‍ അണിയിക്കും. ബൈബിളിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ‘അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍’ (വിശുദ്ധ യോഹന്നാന്‍ 2: 5) എന്ന തിരുവചനമാണ് മാര്‍ ജേക്കബ് മുരിക്കന്‍ തന്റെ ആദര്‍ശവാക്യമായി സ്വീകരിച്ചിരിക്കുന്നത്. ഈ തിരുവചനം രേഖപ്പെടുത്തിയായിരിക്കും ഔദ്യോഗിക സ്ഥാനിക ചിഹ്നങ്ങള്‍. മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു ശേഷം നവാഭിഷ്‌കതനായ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി നടക്കും.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്് ചടങ്ങുകളില്‍ ആര്‍ച്ച്ഡീക്കനായി പങ്കെടുക്കും. ഫാ. ജയിംസ് വെണ്ണായിപ്പിള്ളിയുടെ നേതൃത്വത്തിലുള്ള 200 അംഗ ഗായക സംഘമാണ് തിരുകര്‍മ്മങ്ങളില്‍ ഗാനശുശ്രൂഷ നടത്തുന്നത്.


അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

Friday 28 September 2012

പ്രത്യേക ശ്രദ്ധയ്‌ക്ക്....


           
ബീഫ്‌ ഉലര്‍ത്തിയതും ചിക്കന്‍ ഫ്രൈയുമൊക്കെ വാങ്ങി കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, രോഗം ബാധിച്ചും അപകടത്തില്‍പ്പെട്ടും ചത്ത ഉരുക്കളുടെയും കോഴിയുടെയും മാംസമാകാം രുചിയോടെ കഴിക്കുന്നത്‌. ഇതുവരെ വെറും ആക്ഷേപമായി നിലനിന്നിരുന്ന വസ്‌തുത തെളിയിക്കുന്ന സംഭവമായി കഴിഞ്ഞ ദിവസം പീരുമേട്ടില്‍ സംഭവിച്ചത്‌. ജീവനുളള മാടുകള്‍ക്കൊപ്പം ചത്ത മാടുകളെയും കടത്താനുളള ശ്രമംനാട്ടുകാര്‍ തടയുകയായിരുന്നു.

ജില്ലയില്‍ ഷാപ്പുകള്‍ ചില ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ചത്ത മാടുകളുടെ ഇറച്ചി പാചകം ചെയ്‌തു വില്‍ക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, അധികൃതരുടെ പരിശോധന പേരിനു പോലുമില്ലാത്തതിനാല്‍ ഇത്തരം ഇടപാടുകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു. 

കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലുണ്ടായ സംഭവവും ആരേയും ഞെട്ടിക്കുന്നതാണ്‌.

രോഗം ബാധിച്ച പശുവിനെ നാട്ടുകാരുടെ സഹായത്തോടെ മൃഗഡോക്‌ടര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ഈ പശുവിനേയും കശാപ്പിനായികടത്തിക്കൊണ്ടുപോയി.ഷാപ്പുകളിലും ബാറുകളിലും മറ്റും രണ്ടെണ്ണം 'വീശി' നില്‍ക്കുമ്പോള്‍ ലഭിക്കുന്ന കറിയിലെ ഇറച്ചിയുടെ ഗുണനിലവാരം ആരും നോക്കില്ലെന്നതാണു ഇവിടെചത്ത മൃഗങ്ങളുടെ ഇറച്ചി വില്‍ക്കാനുള്ള പ്രധാന കാരണം. മാത്രമല്ല, സാധാരണ ഇറച്ചിയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ഈ ഇറച്ചി ലഭിക്കുമെന്നതും ഹോട്ടലുകാരും ഷാപ്പുകളിലെ കറികച്ചവടക്കാരും ഈ ഇറച്ചി വാങ്ങുന്നതിനു കാരണമാകുന്നു. 

ഗുരുതരമായ രോഗം ബാധിച്ചു ചാകുന്ന മാടുകളുടെ ഇറച്ചിയാണ്‌ ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നു മറ്റും മാടുകള്‍ക്കൊപ്പം ലോറിയില്‍ കൊണ്ടുവരുന്ന ചത്ത മാടുകളെ കൊടികുത്തി ചന്തയില്‍ ഇറക്കാതെ നേരെ കശാപ്പുശാലകളില്‍ എത്തിക്കുകയാണു പതിവ്‌. 

നേരം പുലരുന്നതിനു മുമ്പു തന്നെ ഈ ഇറച്ചി മറ്റു ഇറച്ചിയ്‌ക്കൊപ്പം കലര്‍ത്തുന്നതിനാല്‍ വാങ്ങാനെത്തുന്നവര്‍ക്കു തിരിച്ചറിയാന്‍ കഴിയാറില്ല.

തമിഴ്‌നാട്ടില്‍ ഒരു പോത്തിന്റെ വില ഇരുപതിനായിരത്തിലധികമാവും. ഇത്രയും തുക നല്‌കി കൊണ്ടുവരുന്ന പോത്ത്‌ ഇടയ്‌ക്ക് ചത്താല്‍ അതിനെ ഉപേക്ഷിക്കാന്‍ പണം നല്‍കിയവര്‍ തയാറാകില്ല. റോഡിലൂടെ കന്നുകാലികളെ നടത്തിക്കൊണ്ടുവരുന്നത്‌ നിരോധിച്ചതോടെ ലോറികളില്‍ 30 ല്‍ അധികം അറവുമാടുകളെ കുത്തി നിറച്ചാണ്‌ എത്തിക്കുന്നത്‌. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി ഇട്ട നിലയില്‍ വായു ലഭിക്കാന്‍ പോലും കഴിയാത്ത സ്‌ഥിതിയിലാണ്‌ പലപ്പോഴും അറവുമാടുകള്‍ ലോറിയില്‍ നില്‌ക്കുന്നത്‌. ഇത്തരത്തില്‍ കൊണ്ടുവരുന്നതിനിടയില്‍ മാടുകള്‍ ചാകുന്നത്‌ പതിവ്‌ സംഭമാണ്‌.

അടുത്തിടെ മണര്‍കാട്‌ ട്രോപ്പിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇക്കോളജിക്കല്‍ സയന്‍സ്‌ നടത്തിയ പഠനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കപ്പെടുന്നതു രോഗകാരികളായ ബാക്‌ടീരിയകള്‍ നിറഞ്ഞ ഇറച്ചിയാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരേ നടപടിയൊന്നും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായതേയില്ല.കൊണ്ടുവരും വഴി ചാകുന്ന നൂറുകണക്കിനു കോഴികളുടെ ഇറച്ചിയും കോള്‍ഡ്‌ സ്‌റ്റോറേജ്‌, ഹോട്ടല്‍ എന്നിവ വഴി നമ്മുടെ തീന്‍മേശയില്‍ എത്തുന്നുണ്ട്‌. രോഗം ബാധിച്ച കോഴികളാണ്‌ ഇത്തരത്തില്‍ യായ്ര്‌ക്കിടെ ചാകുന്നത്‌. ഗുരുതര രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്‌ക്കും ഇടയാക്കുന്ന രീതിയിലാണു ചത്ത മൃഗങ്ങളുടെ ഇറച്ചി വിറ്റഴിക്കുന്നത്‌.ഇറച്ചിയ്‌ക്കായി കൊണ്ടുവരുന്ന ഉരുക്കളെ മൃഗഡോക്‌ടര്‍ പരിശോധിക്കണമെന്ന വ്യവസ്‌ഥയുണ്ടെങ്കിലും പാലിക്കപ്പെടാറേയില്ല. അതിര്‍ത്തി ചെക്ക്‌പോസ്‌റ്റുകളില്‍ പേരിനൊരു പരിശോധന നടത്തുന്നതൊഴിച്ചാല്‍ ജില്ലയില്‍ ഒരു സ്‌ഥലത്തും പരിശോധന ഇല്ലെന്നാണ്‌ ആക്ഷേപം.

Saturday 22 September 2012

ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു...



നൈജീരിയയില്‍ സ്വകാര്യ കമ്പനി മാനേജരായ മലയാളി യുവാവിനെ തോക്ക്‌ധാരികളായ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.

പാലാ അന്തീനാട്‌ കാക്കൊമ്പ്‌ ബാലകൃഷ്‌ണന്‍നായരുടെ മകന്‍ രാജിമോ(44)നെയാണു മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയത്‌.നൈജീരിയയിലെ റെ റോയല്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ ടെക്‌നിക്കല്‍ മാനജരായി ജോലി ചെയ്യുന്ന രാജിമോനെ കഴിഞ്ഞ 13ന്‌ താമസസ്‌ഥത്ത്‌നിന്ന്‌ ഓഫീസിലേക്ക്‌ പോകാനിറങ്ങുമ്പോള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

രാജിമോന്റെ സുഹൃത്തും നൈജീരിയയില്‍ ജോലിചെയ്യുന്ന ചങ്ങനാശേരി സ്വദേശിയുമായ യുവാവാണ്‌ രാജിമോന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്‌. കമ്പനി അധികൃതര്‍ മോചനദ്രവ്യം നല്‍കിയാലേ രാജിമോനെ മോചിപ്പിക്കൂ എന്നാണ്‌ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. 

നാലു വര്‍ഷം മുന്‍പാണ്‌ രാജിമോന്‍ നൈജീരിയായില്‍ ജോലിക്കെത്തിയത്‌. രാജിമോനെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ എം.പിമാരായ ജോസ്‌ കെ. മാണി, ആന്റോ ആന്റണി എന്നിവര്‍ മുഖേന കേന്ദ്ര മന്ത്രി വയലാര്‍ രവിക്കു പരാതി നല്‍കിയിട്ടുണ്ട്‌. 

കേന്ദ്രമന്ത്രി നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ജിഷയാണ്‌ രാജിമോന്റെ ഭാര്യ. മൂന്ന്‌ മക്കളുണ്ട്‌.





 

Friday 21 September 2012

ബെറ്റി ജോര്‍ജ് വിവാഹിതയായി







കള്ളികാട്ട് തങ്കച്ചന്‍റെ മകള്‍ ബെറ്റി ജോര്‍ജ് വിവാഹിതയായി. കാവുംകണ്ടം കോഴികോട്ട് വി ഡി ദേവസ്യയുടെ മകന്‍ സിംഗപ്പൂരില്‍ സയന്‍റിസ്റ്റായ ടോണി സെബാസ്റ്റ്യന്‍ ആണ് വരന്‍. 15.9.2012 ന് കാവുംകണ്ടം പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍....

Tuesday 18 September 2012

പാറയില്‍ പാപ്പച്ചന്‍ അന്തരിച്ചു

. 

 വിദേശീയരുടെ തീന്മേശകളില്‍ കേരളത്തിന്റെ മാത്രം സ്വന്തമായ കുമ്പിള്‍ അപ്പത്തിന്റെ രുചിഭേദങ്ങള്‍ അനുഭവവേദ്യമാക്കിയ പാറയില്‍ പാപ്പച്ചന്‍ എന്ന വ്യവസായി യൂറോപ്പിന്റെ മണ്ണിലേക്ക്‌ പറിച്ചുനട്ടത്‌ പുതുമയാര്‍ന്ന സ്വാദ്‌. കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായിയും പാറയില്‍ ഗ്രൂപ്പ്‌ കമ്പനി ചെയര്‍മാനുമായ നരിയങ്ങാനം പാറയില്‍ പി.ജെ. മാത്യുവെന്ന പാപ്പച്ചന്‍ പാറയില്‍ എക്‌സ്പോര്‍ട്ട്‌ കമ്പനിയിലൂടെ കടല്‍ കടത്തിവിട്ടത്‌ കേരളത്തിന്റെ തനത്‌ രുചിയായിരുന്നു.

ചക്കപ്പഴവും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത്‌ ഇടനയിലയില്‍ കുമ്പിള്‍ കുത്തി ആവിയില്‍ പുഴുങ്ങിയെടുക്കുന്ന മധ്യതിരുവിതാംകൂറിന്റെ തനത്‌ പലഹാരമായ 'കുമ്പിളപ്പ'ത്തിന്റെ രുചിയും മണവും ആദ്യം ആസ്വദിക്കാനായത്‌ അമേരിക്കക്കാര്‍ക്കാണ്‌. പാറയില്‍ എക്‌സ്പോര്‍ട്‌്സിന്റെ ആദ്യ ഭക്ഷ്യോല്‌പന്നമായ കുമ്പിളപ്പം കയറ്റുമതി ആരംഭിച്ചത്‌ അമേരിക്കയിലേക്കായിരുന്നു. തുടര്‍ന്ന്‌ 'റെഡി ടു ഈറ്റ്‌' എന്ന ബ്രാന്‍ഡ്‌നെയിമില്‍ തനി നാടന്‍ കേരളീയ ഭക്ഷണപദാര്‍ഥങ്ങള്‍ക്കൊപ്പം പൊറോട്ട ഉള്‍പ്പെടെയുള്ള നോര്‍ത്ത്‌ ഇന്ത്യന്‍ വിഭവങ്ങള്‍ കയറ്റുമതി ആരംഭിച്ചു.

വിദേശീയര്‍ക്ക്‌ ഹരംപകര്‍ന്ന പാപ്പച്ചായന്റെ രുചിഭേദങ്ങള്‍ പാറയില്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയ്‌ക്ക് ആക്കംകൂട്ടി. തുടര്‍ന്ന്‌ യു.കെ, അയര്‍ലന്‍ഡ്‌, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്റ്‌ തുടങ്ങിയ രാജ്യങ്ങളിലേക്കും ഭക്ഷ്യോല്‌പന്നങ്ങള്‍ കയറ്റുമതിയാരംഭിച്ചു. ആഹാരപദാര്‍ഥങ്ങള്‍ കേടുകൂടാതെ അതതു ദിവസംതന്നെ വിദേശങ്ങളില്‍ വിതരണം ചെയ്യാനായതാണ്‌ റെഡി ടു ഈറ്റ്‌ എന്നപേരിലുളള പാപ്പച്ചായന്റെ ഭക്ഷ്യോല്‌പന്നങ്ങളെ വിദേശങ്ങളില്‍ ജനകീയമാക്കിയത്‌.

തനത്‌ തനിമ നഷ്‌ടപ്പെടാതെ വിദേശങ്ങളിലെ മലയാളികള്‍ക്കൊപ്പം സായിപ്പന്മാരും ആസ്വദിച്ചു കഴിച്ചപ്പോള്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ഭക്ഷ്യ സംസ്‌കാരം യൂറോപ്പിന്റെയും അമേരിക്കയുടെയും ഭാഗംകൂടിയായി മാറുകയായിരുന്നു.

ഭക്ഷ്യപദാര്‍ഥങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയുടെ സ്‌ഥാനം ഉന്നത ശ്രേണിയിലേക്കെത്തിച്ച പാറയില്‍ ഫുഡ്‌ പ്രോഡക്‌ട്സിന്റെ ഭക്ഷ്യോല്‌പന്നങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇതിനായി കേരളത്തില്‍ വിപണിയില്‍ ലോഞ്ചിംഗ്‌ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ്‌ പാപ്പച്ചായന്‍ വിടവാങ്ങിയത്‌. നാനൂറോളം ജീവനക്കാരും തൊഴിലാളികളുമാണ്‌ സ്‌ഥാപനത്തിന്റെ ഉല്‌പന്നങ്ങള്‍ ലോകമെമ്പാടും എത്തിക്കാനായി ജോലി ചെയ്യുന്നത്‌.

1993-ല്‍ പാറയില്‍ ഗ്രൂപ്പ്‌ ഹോട്ടല്‍ വ്യവസായരംഗത്ത്‌ എത്തിയതോടെയാണ്‌ ഭക്ഷ്യോല്‌പന്ന കയറ്റുമതി എന്ന ആശയം ഉദിച്ചത്‌.

വിദേശ രാജ്യങ്ങളിലുണ്ടായിരുന്ന മക്കളുടെയും സുഹൃത്തുക്കളുടെയും ബന്ധവും ഇതിന്‌ സഹായകമായി. തുടര്‍ന്ന്‌ 2001-ല്‍ റെഡി ടു ഈറ്റ്‌ എന്നപേരില്‍ ഭക്ഷ്യവിഭവങ്ങള്‍ നൂതന രീതിയില്‍ സംസ്‌കരിച്ച്‌ കയറ്റുമതി ചെയ്യുന്നതിന്‌ നാട്ടില്‍ കമ്പനി രൂപീകരിക്കുകയായിരുന്നു.

തങ്ങളുടെ ഉല്‌പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന്‌ ആലപ്പുഴ അരൂരില്‍ സീഫുഡ്‌ പ്രോസസിംഗ്‌ യൂണിറ്റ്‌, പൊള്ളാച്ചിയില്‍ പാറയില്‍ അഗ്രോ ഫുഡ്‌സ് എന്നപേരില്‍ പച്ചക്കറി ഉല്‌പാദന യൂണിറ്റ്‌ എന്നിവയും സ്‌ഥാപിച്ച്‌ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. ഈരാറ്റുപേട്ട മെറീന ടൂറിസ്‌റ്റ്ഹോമും പാറയില്‍ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുളളതാണ്‌.
     



ആദരാഞ്ജലികള്‍...