Sunday 30 September 2012

പാലാ രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്റെ മെത്രാഭിഷേകം നാളെ





 ദൈവവിളിയുടെ വിളനിലമായ പാലാ രൂപതയുടെ നിയുക്തസഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ ഒക്‌ടോബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ കത്തീഡ്രലില്‍ നടക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേകശുശ്രൂഷകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും ശുശ്രൂഷകളില്‍ സഹകാര്‍മ്മികരായിരിക്കും.
നിയുക്തമെത്രാനെ പാലാ മെത്രാസന മന്ദിരത്തില്‍ നിന്ന് തിരുകര്‍മ്മങ്ങള്‍ നടക്കുന്ന പാലാ കത്തീഡ്രലിലേക്ക് സീറോമലബാര്‍ സഭയുടെയും സഹോദര സഭകളായ ലത്തീന്‍, മലങ്കര സഭകളുടേയും ബിഷപ്പുമാര്‍ചേര്‍ന്ന് വരവേല്‍ക്കും. കത്തീഡ്രല്‍ പാരിഷ്ഹാളിലെത്തുന്ന നിയുക്തബിഷപ്പിനെയും വൈദിക മേലധ്യക്ഷന്മാരെയും രൂപതാതനയരും വൈദിക-സന്യസ്തവൃന്ദവും ചേര്‍ന്ന്് കത്തീഡ്രലിലേക്ക് സ്വീകരിച്ചാനയിക്കും. പേപ്പല്‍പതാകളും മുത്തുകടകളും കൊടിതോരണങ്ങളും ചേര്‍ന്നൊരുക്കുന്ന വര്‍ണശബളിമയില്‍കുളിച്ചായിരിക്കും ചടങ്ങുകള്‍ക്ക് കത്തീഡ്രല്‍ ആതിഥ്യമരുളുക.
മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ച്് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖസന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ ജേക്കബ് മുരിക്കനെ ബിഷപ്പായി നിയമിച്ചുകൊണ്ട് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്‍പ്പന (ബൂള) പാലാ രൂപത ചാന്‍സിലര്‍ റവ.ഡോ. ജോസ് കാക്കല്ലില്‍ വായിക്കും. തുടര്‍ന്ന് ഈ കല്പനയുടെ മലയാള പരിഭാഷ. കല്പന വായിച്ചുകഴിയുന്നതോടെ നിയുക്തമെത്രാന്‍ തിരുകര്‍മ്മങ്ങളിലും അജപാലന ശുശ്രൂഷയിലും സ്വര്‍ഗീയ മധ്യസ്ഥരുടെ അനുഗ്രഹം തേടി വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങി പ്രാര്‍ത്ഥിക്കും. ഈ പ്രാര്‍ത്ഥനയ്ക്ക് ശേഷം നിയുക്തമെത്രാന്‍ തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്ന ചടങ്ങാണ്. ശുശ്രൂഷകളുടെ ഭാഗമായി ഇടയശുശ്രൂഷയുടെ സ്ഥാനിക ചിഹ്നങ്ങളായ തൊപ്പിയും അംശവടിയും മുഖ്യകാര്‍മ്മികന്‍ അണിയിക്കും. ബൈബിളിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ‘അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍’ (വിശുദ്ധ യോഹന്നാന്‍ 2: 5) എന്ന തിരുവചനമാണ് മാര്‍ ജേക്കബ് മുരിക്കന്‍ തന്റെ ആദര്‍ശവാക്യമായി സ്വീകരിച്ചിരിക്കുന്നത്. ഈ തിരുവചനം രേഖപ്പെടുത്തിയായിരിക്കും ഔദ്യോഗിക സ്ഥാനിക ചിഹ്നങ്ങള്‍. മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കു ശേഷം നവാഭിഷ്‌കതനായ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി നടക്കും.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്് ചടങ്ങുകളില്‍ ആര്‍ച്ച്ഡീക്കനായി പങ്കെടുക്കും. ഫാ. ജയിംസ് വെണ്ണായിപ്പിള്ളിയുടെ നേതൃത്വത്തിലുള്ള 200 അംഗ ഗായക സംഘമാണ് തിരുകര്‍മ്മങ്ങളില്‍ ഗാനശുശ്രൂഷ നടത്തുന്നത്.


അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

No comments:

Post a Comment