Tuesday 18 September 2012

പാറയില്‍ പാപ്പച്ചന്‍ അന്തരിച്ചു

. 

 വിദേശീയരുടെ തീന്മേശകളില്‍ കേരളത്തിന്റെ മാത്രം സ്വന്തമായ കുമ്പിള്‍ അപ്പത്തിന്റെ രുചിഭേദങ്ങള്‍ അനുഭവവേദ്യമാക്കിയ പാറയില്‍ പാപ്പച്ചന്‍ എന്ന വ്യവസായി യൂറോപ്പിന്റെ മണ്ണിലേക്ക്‌ പറിച്ചുനട്ടത്‌ പുതുമയാര്‍ന്ന സ്വാദ്‌. കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായിയും പാറയില്‍ ഗ്രൂപ്പ്‌ കമ്പനി ചെയര്‍മാനുമായ നരിയങ്ങാനം പാറയില്‍ പി.ജെ. മാത്യുവെന്ന പാപ്പച്ചന്‍ പാറയില്‍ എക്‌സ്പോര്‍ട്ട്‌ കമ്പനിയിലൂടെ കടല്‍ കടത്തിവിട്ടത്‌ കേരളത്തിന്റെ തനത്‌ രുചിയായിരുന്നു.

ചക്കപ്പഴവും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത്‌ ഇടനയിലയില്‍ കുമ്പിള്‍ കുത്തി ആവിയില്‍ പുഴുങ്ങിയെടുക്കുന്ന മധ്യതിരുവിതാംകൂറിന്റെ തനത്‌ പലഹാരമായ 'കുമ്പിളപ്പ'ത്തിന്റെ രുചിയും മണവും ആദ്യം ആസ്വദിക്കാനായത്‌ അമേരിക്കക്കാര്‍ക്കാണ്‌. പാറയില്‍ എക്‌സ്പോര്‍ട്‌്സിന്റെ ആദ്യ ഭക്ഷ്യോല്‌പന്നമായ കുമ്പിളപ്പം കയറ്റുമതി ആരംഭിച്ചത്‌ അമേരിക്കയിലേക്കായിരുന്നു. തുടര്‍ന്ന്‌ 'റെഡി ടു ഈറ്റ്‌' എന്ന ബ്രാന്‍ഡ്‌നെയിമില്‍ തനി നാടന്‍ കേരളീയ ഭക്ഷണപദാര്‍ഥങ്ങള്‍ക്കൊപ്പം പൊറോട്ട ഉള്‍പ്പെടെയുള്ള നോര്‍ത്ത്‌ ഇന്ത്യന്‍ വിഭവങ്ങള്‍ കയറ്റുമതി ആരംഭിച്ചു.

വിദേശീയര്‍ക്ക്‌ ഹരംപകര്‍ന്ന പാപ്പച്ചായന്റെ രുചിഭേദങ്ങള്‍ പാറയില്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയ്‌ക്ക് ആക്കംകൂട്ടി. തുടര്‍ന്ന്‌ യു.കെ, അയര്‍ലന്‍ഡ്‌, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്റ്‌ തുടങ്ങിയ രാജ്യങ്ങളിലേക്കും ഭക്ഷ്യോല്‌പന്നങ്ങള്‍ കയറ്റുമതിയാരംഭിച്ചു. ആഹാരപദാര്‍ഥങ്ങള്‍ കേടുകൂടാതെ അതതു ദിവസംതന്നെ വിദേശങ്ങളില്‍ വിതരണം ചെയ്യാനായതാണ്‌ റെഡി ടു ഈറ്റ്‌ എന്നപേരിലുളള പാപ്പച്ചായന്റെ ഭക്ഷ്യോല്‌പന്നങ്ങളെ വിദേശങ്ങളില്‍ ജനകീയമാക്കിയത്‌.

തനത്‌ തനിമ നഷ്‌ടപ്പെടാതെ വിദേശങ്ങളിലെ മലയാളികള്‍ക്കൊപ്പം സായിപ്പന്മാരും ആസ്വദിച്ചു കഴിച്ചപ്പോള്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ഭക്ഷ്യ സംസ്‌കാരം യൂറോപ്പിന്റെയും അമേരിക്കയുടെയും ഭാഗംകൂടിയായി മാറുകയായിരുന്നു.

ഭക്ഷ്യപദാര്‍ഥങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയുടെ സ്‌ഥാനം ഉന്നത ശ്രേണിയിലേക്കെത്തിച്ച പാറയില്‍ ഫുഡ്‌ പ്രോഡക്‌ട്സിന്റെ ഭക്ഷ്യോല്‌പന്നങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇതിനായി കേരളത്തില്‍ വിപണിയില്‍ ലോഞ്ചിംഗ്‌ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ്‌ പാപ്പച്ചായന്‍ വിടവാങ്ങിയത്‌. നാനൂറോളം ജീവനക്കാരും തൊഴിലാളികളുമാണ്‌ സ്‌ഥാപനത്തിന്റെ ഉല്‌പന്നങ്ങള്‍ ലോകമെമ്പാടും എത്തിക്കാനായി ജോലി ചെയ്യുന്നത്‌.

1993-ല്‍ പാറയില്‍ ഗ്രൂപ്പ്‌ ഹോട്ടല്‍ വ്യവസായരംഗത്ത്‌ എത്തിയതോടെയാണ്‌ ഭക്ഷ്യോല്‌പന്ന കയറ്റുമതി എന്ന ആശയം ഉദിച്ചത്‌.

വിദേശ രാജ്യങ്ങളിലുണ്ടായിരുന്ന മക്കളുടെയും സുഹൃത്തുക്കളുടെയും ബന്ധവും ഇതിന്‌ സഹായകമായി. തുടര്‍ന്ന്‌ 2001-ല്‍ റെഡി ടു ഈറ്റ്‌ എന്നപേരില്‍ ഭക്ഷ്യവിഭവങ്ങള്‍ നൂതന രീതിയില്‍ സംസ്‌കരിച്ച്‌ കയറ്റുമതി ചെയ്യുന്നതിന്‌ നാട്ടില്‍ കമ്പനി രൂപീകരിക്കുകയായിരുന്നു.

തങ്ങളുടെ ഉല്‌പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന്‌ ആലപ്പുഴ അരൂരില്‍ സീഫുഡ്‌ പ്രോസസിംഗ്‌ യൂണിറ്റ്‌, പൊള്ളാച്ചിയില്‍ പാറയില്‍ അഗ്രോ ഫുഡ്‌സ് എന്നപേരില്‍ പച്ചക്കറി ഉല്‌പാദന യൂണിറ്റ്‌ എന്നിവയും സ്‌ഥാപിച്ച്‌ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. ഈരാറ്റുപേട്ട മെറീന ടൂറിസ്‌റ്റ്ഹോമും പാറയില്‍ ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുളളതാണ്‌.
     



ആദരാഞ്ജലികള്‍...

No comments:

Post a Comment