Thursday 29 March 2012

നിര്യാതനായി

അന്തീനാട് കൈതവയലില്‍ (ശ്രീരാഗം)  സുകുമാരന്‍ നായര്‍ അന്തരിച്ചു. ഭാര്യ സുഭാഷിണി. മക്കള്‍ സുപ്രിയ, സുപ്രഭ. സംസ്കാരം നടത്തി.

അന്തീനാട് ന്യൂസിന്‍റെ ആദരാജ്ഞലികള്‍... 


Wednesday 21 March 2012

അനൂപ്‌ ജേക്കബിന്‌ ആശംസകള്‍....





             

പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി അനൂപ്‌ ജേക്കബിന്‌ വന്‍ വിജയം. തൊട്ടടുത്ത എതിര്‍സ്‌ഥാനാര്‍ഥി എല്‍ഡിഎഫിലെ എം.ജെ ജേക്കബിനെക്കാള്‍ 12,070 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ അനൂപ്‌ വിജയിച്ചത്‌. ആകെ പോള്‍ ചെയ്‌തതില്‍ അനൂപ്‌ 82,756 വോട്ടുകളും എം.ജെ ജേക്കബിന്‌ 70,686 വോട്ടുകളും ബി.ജെ.പി സ്‌ഥാനാര്‍ഥി കെ.ആര്‍. രാജഗോപാലിന്‌ 3241 വോട്ടുകളും ലഭിച്ചു. ആകെ പോള്‍ ചെയ്തതതില്‍ യുഡിഎഫ് 52.3% ഉം എല്‍ഡിഫ് 44.66%, ബിജെപി 2.04% വോട്ടുകളും നേടി. സ്വതന്ത്രര്‍ എല്ലാവരും കൂടി ഒരു ശതമാനം വോട്ട് നേടി. കഴിഞ്ഞ തവണ 157 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ടി.എം ജേക്കബ്‌ മണ്ഡലം തിരിച്ചുപിടിച്ചത്‌. യുഡിഎഫ്‌ ഒറ്റക്കെട്ടായി നടത്തിയ പ്രചാരണമാണ്‌ ഇത്തവണ വന്‍ വിജയത്തിലേക്ക്‌ നയിച്ചത്‌. 





അന്തീനാട് ന്യൂസിന്‍റെ                ആശംസകള്‍....

Tuesday 20 March 2012

ബജറ്റ്‌: പാലായ്‌ക്കു കൈനിറയെ.....



പത്താം ബജറ്റ്‌ അവതരിപ്പിച്ച്‌ ചരിത്രത്തില്‍ ഇടംനേടിയ ധനകാര്യമന്ത്രി കെ.എം. മാണി വാരിക്കോരിയാണ്‌ ഇക്കുറിയും പാലായ്‌ക്കു വികസന പദ്ധതികള്‍ സമ്മാനിക്കുന്നത്‌. പാലായുടെയും കോട്ടയം ജില്ലയുടെയും മുഖച്‌ഛായ മാറ്റാനുതകുന്ന വികസന പദ്ധതികളാണ്‌ മന്ത്രി മാണി അവതരിപ്പിച്ചിരിക്കുന്നത്‌. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ സമസ്‌ത മേഖലയുടെയും വികസനത്തിന്‌ ആക്കംകൂട്ടുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

മന്ത്രി മാണിയുടെ സ്വപ്‌നപദ്ധതികളിലൊന്നായ മീനച്ചില്‍ നദീതട പദ്ധതിക്കുതന്നെയാണ്‌ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്‌. വര്‍ഷം മുഴുവന്‍ മീനച്ചിലാറ്റില്‍ക്കൂടി വെള്ളമൊഴുക്കാന്‍ പദ്ധതിയിട്ട്‌ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മീനച്ചില്‍ നദീതടപദ്ധതി പൂര്‍ത്തിയാകുന്നതോടെ കോട്ടയം ജില്ലയിലെ ജലക്ഷാമത്തിനു പൂര്‍ണമായ പരിഹാരമാകും. 50 കോടി രൂപയാണ്‌ ഇക്കുറി ബജറ്റില്‍ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന വിദഗ്‌ദ്ധ സമിതി പഠന റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ ഉടന്‍തന്നെ മീനച്ചില്‍ നദീതട പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കാനാകുമെന്ന്‌ മന്ത്രി ബജറ്റവതരണത്തില്‍ വ്യക്‌തമാക്കി.

ജില്ലയിലെ ഗതാഗതരംഗത്ത്‌ നൂതനാശയമായ ആകാശ കാര്‍ പദ്ധതിയായ 'പോഡ്‌ കാര്‍' മന്ത്രി മാണിയുടെ ബജറ്റ്‌ നിര്‍ദേശങ്ങളില്‍ സുപ്രധാനമാണ്‌. കോട്ടയം- പാലാ റൂട്ടിലാവും പദ്ധതി പ്രാവര്‍ത്തികമാകുക.

ആയിരങ്ങള്‍ക്ക്‌ ജോലി ലഭ്യമാകുന്ന ഐടി ടെക്‌നോപാര്‍ക്ക്‌ കരൂര്‍ പഞ്ചായത്തില്‍ യാഥാര്‍ഥ്യമാക്കും. ഇതിനായി ഇക്കുറി 10 കോടി രൂപാ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌. ജില്ലയിലെ വ്യാവസായിക- വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിപ്പും പ്രതീക്ഷിക്കുന്ന ടെക്‌നോപാര്‍ക്ക്‌ യാഥാര്‍ഥ്യമാകുന്നതോടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ പ്രാഗത്ഭ്യം പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക്‌ നാട്ടില്‍തന്നെ ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി ചെയ്യാനാകും.

മാലിന്യമുക്‌ത കേരള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ ജില്ലകളില്‍ മാത്രം നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട വന്‍കിട മാലിന്യ സംസ്‌കരണ പ്ലാന്റ്‌ കോട്ടയത്തിനുകൂടി നേടിയെടുക്കാന്‍ മന്ത്രി കെ.എം. മാണിക്കായി. ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക്‌ പൂര്‍ണ പരിഹാരമാകുന്നതോടെ വടവാതൂര്‍, കാനാട്ടുപാറ പ്രദേശങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമാകും. ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ വന്‍കിട മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 100 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. പൊതു-സ്വകാര്യ സംരംഭമായിട്ടായിരിക്കും പദ്ധതി നിലവില്‍വരുക.

ഉറവിടത്തില്‍ത്തന്നെ ഉണ്ടാകുന്ന മാലിന്യ സംസ്‌കരണ കമ്പോസ്‌റ്റ് ഉപയോഗിച്ച്‌ അടുക്കളത്തോട്ട വ്യാപനവും ലക്ഷ്യമിടുന്നു. പൈപ്പ്‌ കമ്പോസ്‌റ്റിന്‌ ഒരു യൂണിറ്റിന്‌ 800 രൂപയും വെര്‍മി കമ്പോസ്‌റ്റിന്‌ 1250 രൂപയും ബയോഗ്യാസ്‌ പ്ലാന്റിന്‌ 11,000 രൂപയും ചെലവു പ്രതീക്ഷിക്കുന്നു. കമ്പോസ്‌റ്റ് സംവിധാനങ്ങളുടെ വിലയുടെ 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

ചരിത്രപ്രസിദ്ധമായ മുരുകന്മല, തങ്ങള്‍പാറ, കുരിശുമല, കടപ്പാട്ടൂര്‍, രാമപുരം, നാലമ്പലം, രാമപുരത്തെ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം, ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം, ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രം, ഇലവീഴാപ്പൂഞ്ചിറ, വാഗമണ്‍ തുടങ്ങിയ തീര്‍ഥാടന-ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്യൂട്ട്‌ പദ്ധതിക്കാണ്‌ പച്ചക്കൊടി കാട്ടിയിരിക്കുന്നത്‌. ജില്ലയിലെ 50 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ്‌ പദ്ധതി നടപ്പാക്കുക. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ടൂറിസം പദ്ധതിയാകും ഇത്‌. കോട്ടയത്തെയും പാലായിലെയും നിരവധി റോഡുകള്‍ക്കായി കോടിക്കണക്കിനു രൂപയും മന്ത്രി കെ.എം. മാണി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌

Thursday 15 March 2012

പാലായില്‍ രാജ്യാന്തര നിലവാരത്തില്‍ സ്‌റ്റേഡിയം വരുന്നു....

അന്താരാഷ്‌ട്രനിലവാരത്തില്‍ പാലായില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ 17.5 കോടിയുടെ ഭരണാനുമതി നല്‍കിയതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. 

ധനമന്ത്രി കെ.എം. മാണിയുടെ അധ്യക്ഷതയില്‍ വനം-കായികമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, ജോസ്‌ കെ. മാണി എം.പി. എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത്‌ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിന്റെ തുടര്‍ച്ചയായാണ്‌ ഭരണാനുമതി ലഭിച്ചിരിക്കുന്നത്‌. പാലായിലെ സ്‌റ്റേഡിയം ധനമന്ത്രി കെ.എം. മാണിയുടെ കഴിഞ്ഞ ബജറ്റിലെ വാഗ്‌ദാനമായിരുന്നു. 

സിന്തറ്റിക്‌ട്രാക്ക്‌, ഗ്രാസ്‌ ടര്‍ഫ്‌ ഫീല്‍ഡ്‌ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ സ്‌റ്റേഡിയത്തിലുണ്ടായിരിക്കും. ഫുട്‌ബോള്‍, ഹോക്കി, നീന്തല്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്നതരത്തിലാണ്‌ നിര്‍മാണം. നീന്തല്‍ക്കുളവും ഗ്യാലറിയും സ്‌റ്റേഡിയത്തിലുണ്ടാവും. അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന കായികമേളകള്‍ സംഘടിപ്പിക്കാവുന്നതരത്തില്‍ ദക്ഷിണേന്ത്യക്കുതന്നെ മാതൃകയാവുന്നതരത്തിലായിരിക്കും നിര്‍മാണം. ആറുമാസത്തിനകം ആദ്യഘട്ടംപൂര്‍ത്തിയാക്കണമെന്ന്‌ മന്ത്രി നിര്‍ദേശിച്ചു. 

Tuesday 13 March 2012

ഐങ്കൊമ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കട.....

ശ്രീകൃഷ്ണാ സ്റ്റോഴ്സ്    രാത്രി 11  മണിക്കുള്ള ദൃശ്യം

ഗ്രാമ പ്രദേശത്ത് അസാദ്ധ്യം എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ.സത്യമാണ്, അതും, ഐങ്കൊമ്പ് പോലൊരു ഗ്രാമത്തില്‍.

പാലായിലും,കൊല്ലപ്പള്ളിയിലും രാത്രി  അല്പം വൈകിയാല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കാത്തപ്പോള്‍ ഐങ്കൊമ്പില്‍ അത് പഴങ്കഥ.  ഐമ്കൊമ്പു കവലയിലെ ജയദേവന്റെ(ഉണ്ണിക്കുട്ടന്‍)) ശ്രീകൃഷ്ണാ സ്റ്റോഴ്സ്     എന്ന കടയാണ് രാത്രിയും പ്രവര്‍ത്തിക്കുന്നത്. പലചരക്ക്, പച്ചക്കറികള്‍,പഴങ്ങള്‍,ബേക്കറി എന്നിവ 24  മണിക്കൂറും ലഭ്യം.

Monday 12 March 2012

കടുത്ത വേനല്‍ ചൂടിനാശ്വാസമായി വേനല്‍മഴ

കടുത്ത വേനല്‍ ചൂടിനാശ്വാസമായി ഇന്നലെ വൈകിട്ട്  അന്തീനാട്ടില്‍ മഴ പെയ്തിറങ്ങി. ശക്തിയായി പെയ്തില്ലെങ്കിലും ചൂടിന് തെല്ലൊരാശ്വാസമായി വേനല്‍മഴ.

ഐങ്കൊമ്പിലും ഉത്സവമായി....


പാറേക്കാവ്‌ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം 21-നു വൈകിട്ട്‌ അഞ്ചിന്‌ തന്ത്രി കുരുപ്പക്കാട്ടില്ലത്ത്‌ പുരുഷോത്തമന്‍ നമ്പൂതിരി കൊടിയേറ്റും. അഞ്ചരയ്‌ക്ക് പുലിയന്നൂര്‍ ശ്രീരുദ്രം ഭജന്‍സിന്റെ നാമസങ്കീര്‍ത്തനലഹരി. 22-നു രാവിലെ എട്ടിന്‌ കലശം, ശ്രീബലി എഴുന്നള്ളത്ത്‌, വൈകിട്ട്‌ ഏഴിന്‌ ഏഴാച്ചേരി അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്‌, എട്ടിന്‌ തിരുവാതിര, പത്തിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌. 23-നു രാവിലെ ശ്രീബലി എഴുന്നള്ളത്ത്‌, 12-ന്‌ ഉത്സവബലി, പ്രസാദമൂട്ട്‌, വൈകിട്ട്‌ ഏഴിന്‌ ഹിന്ദുധര്‍മ്മ പരിഷത്ത്‌ അയ്യപ്പദാസ്‌ സ്വാമികള്‍ ഉദ്‌ഘാടനം ചെയ്യും. ഡോ. കെ. അരവിന്ദാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ വിദ്യാഭ്യാസ ആതുരസഹായനിധി വിതരണം. 24-നു രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്‌, 12-ന്‌ ഉത്സവബലി, പ്രസാദമൂട്ട്‌, വൈകിട്ട്‌ ഏഴിന്‌ കലാസന്ധ്യ-ബാലസംസ്‌കാരകേന്ദ്രം ഐങ്കൊമ്പ്‌, ഒന്‍പതിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌. 25-നു രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്‌, 12-ന്‌ ഉത്സവബലി, പ്രസാദമൂട്ട്‌, വൈകിട്ട്‌ നാലിന്‌ എഴുന്നള്ളിപ്പ്‌ മണക്കാട്ടില്ലത്തേക്ക്‌, അഞ്ചരയ്‌ക്ക് മണക്കാട്ടില്ലത്തുനിന്ന്‌ വരവ്‌ താലപ്പൊലി, കാഴ്‌ചശ്രീബലി, എട്ടിന്‌ സംഗീതസദസ്‌, 11-ന്‌ പള്ളിവേട്ട എഴുന്നള്ളിപ്പ്‌. 26-ന്‌ മീനഭരണി. രാവിലെ ഏഴിന്‌ പൊങ്കാല, ഒന്‍പതിന്‌ പൊങ്കാല നിവേദ്യം, ഒന്‍പതരയ്‌ക്ക് കാഴ്‌ചശ്രീബലി, 12.30-ന്‌ മഹാപ്രസാദമൂട്ട്‌, ഒന്നിന്‌ ഓട്ടന്‍തുള്ളല്‍, നാലിന്‌ ആറാട്ടെഴുന്നള്ളിപ്പ്‌, ആറരയ്‌ക്ക് ആറാട്ടെതിരേല്‌പ്, വലിയകാണിക്ക, ഒന്‍പതരയ്‌ക്ക് കൊടിയിറക്ക്‌, പത്തിന്‌ ഭക്‌തിഗാനമേള, 12-ന്‌ ഗരുഡന്‍പറവ. കൊടിയേറ്റിനു മുന്നോടിയായി 20-നു വൈകിട്ട്‌ ഏഴിന്‌ പ്രാസാദശുദ്ധിക്രിയകള്‍, ഗണപതിപൂജ, അസ്‌ത്രകലശപൂജ, 7.15-ന്‌ കൊടിക്കയര്‍ സമര്‍പ്പണം, ഗണപതിക്ക്‌ വെളളയങ്കി, പ്രഭാമണ്ഡലം സമര്‍പ്പണം എന്നിവ നടക്കും.


നാഡീപരിശോധനാ ക്യാമ്പ് കൊല്ലപ്പിള്ളിയില്‍ 13 ന്...


മീനച്ചിലിനു പുണ്യമായി മുരുകന്മല


 എസ്.എന്‍.ഡി.പി. യോഗത്തിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വാഗമണ്‍ മുരുകന്‍മലയില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന മുരുകക്ഷേത്രം നിര്‍മ്മിക്കുമെന്ന് മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം, സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു. മുരുകന്‍ മലയിലെ 25 ഏക്കര്‍ സ്ഥലമാണ് യോഗത്തിന് പതിച്ചുനല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. 15 ഏക്കര്‍ മീനച്ചില്‍ യൂണിയനും 10 ഏക്കര്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് നല്‍കുക. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള മുരുകന്‍മലയ്ക്കടുത്തുതന്നെയാണ് കുരിശുമലയും തങ്ങള്‍പാറയും. വാഗമണ്‍-വഴിക്കടവ് റോഡില്‍ നിന്നാരംഭിക്കുന്ന മുരുകന്‍മലയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മുകളിലെ ഗുഹാമുഖത്ത് വനദുര്‍ഗ്ഗാദേവീക്ഷേത്രവും ഉണ്ട്. മുരുകന്‍മല എസ്.എന്‍.ഡി.പി. യോഗത്തിന് പതിച്ചുനല്‍കണമെന്ന് ദീര്‍ഘനാളായി മീനച്ചില്‍ യൂണിയന്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ജനവരി 25ന് റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതുസംബന്ധിച്ച പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. ധനമന്ത്രി കെ.എം. മാണി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. എന്നിവരും ഭൂമി പതിച്ചു നല്‍കുന്നതിനനുകൂലമായ നിലപാടെടുത്തു. നിലവിലുള്ള ക്ഷേത്രത്തിനു പകരം പഴനിയിലേതുപോലെയുള്ള ക്ഷേത്രം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

മീനം ഒന്നിന്‌ മുരുകന്മല മഞ്ഞ പുതയ്‌ക്കും. മീനച്ചില്‍ എസ്‌.എന്‍.ഡി.പി. യൂണിയനു കീഴിലെ മുഴുവന്‍ ശാഖകളിലെയും പ്രവര്‍ത്തകര്‍ മലയിലെത്തി പീത പതാകകള്‍ സ്‌ഥാപിക്കും. ഭഗവാന്റെ പൂങ്കാവനത്തിലേക്കുള്ള 1008 പടികളെ പ്രതിനിധീകരിച്ച്‌ 1008 പീത പതാകകളാണ്‌ 14-നു രാവിലെ ഒന്‍പതിന്‌ മുരുകന്മലയില്‍ സ്‌ഥാപിക്കുക.

മുരുകന്മല മഹാക്ഷേത്രം മതേതര തീര്‍ഥാടനകേന്ദ്രമായിരിക്കും. ഏത്‌ മതവിഭാഗത്തില്‍പെട്ടവര്‍ക്കും ഇവിടെ ആരാധന നടത്താം. ഭക്‌തര്‍ക്ക്‌ നേരിട്ട്‌ വഴിപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തും.

മീനം ഒന്നിന്‌ ഇടമറ്റം എസ്‌.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തിലാണ്‌ ഇവിടെ മാസപൂജ നടക്കുന്നത്‌. പീതപതാക സ്‌ഥാപനത്തിനു മുന്നോടിയായി ഇന്നലെ യൂണിയന്‍ഹാളില്‍ പതാകസമര്‍പ്പണം നടന്നു. 

ഇടമറ്റം ശാഖാ ഭാരവാഹികളായ രത്നപ്പന്‍ ഇട്ടിക്കുന്നേല്‍, വിനീത്‌ അമ്പലത്തറ എന്നിവര്‍ക്ക്‌ പീത പതാക കൈമാറി മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍ പീത പതാക സമര്‍പ്പണം നിര്‍വ്വഹിച്ചു. 

സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ്‌ എ.കെ. ഗോപി ശാസ്‌താപുരം അധ്യക്ഷതവഹിച്ചു. ഷാജി കടപ്പൂര്‍, ഡി. രാജപ്പന്‍ ഒഴാങ്കല്‍, പി.എസ്‌. ശാര്‍ങ്‌ധരന്‍, ഷാജി തലനാട്‌, സുരേഷ്‌ ഇട്ടിക്കുന്നേല്‍, സജീവ്‌ വയല തുടങ്ങിയവര്‍ പ്രസംഗിച്ചു. മീനം ഒന്നിന്‌ വിവിധ ശാഖകളില്‍നിന്നായി നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ഭക്‌തര്‍ മുരുകന്മലയിലേക്കെത്തുക.

Sunday 11 March 2012

അളനാട്‌ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം; 13-ന്‌ കൊടിയേറ്റ്‌



അളനാട്‌ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രോത്സവം 13-ന്‌ ആരംഭിക്കും. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച കാണിക്കമണ്ഡപം 12-നു വൈകിട്ട്‌ അഞ്ചിനു സമര്‍പ്പിക്കും. ഏഴിന്‌ ഗാനമേള. 13-ന്‌ ഉച്ചയ്‌ക്ക് 12-ന്‌ പ്രസാദമൂട്ട്‌, വൈകിട്ട്‌ അഞ്ചരയ്‌ക്ക് കൊടിയേറ്റ്‌, ഏഴരയ്‌ക്ക് നാമഘോഷലഹരി. 


14-നു രാവിലെ എട്ടിന്‌ കലശാഭിഷേകം, 12.30-ന്‌ ഉത്സവബലിദര്‍ശനം, രാത്രി ഒന്‍പതിന്‌ കൊടിക്കീഴില്‍ വിളക്ക്‌. 

15-ന്‌ ഉച്ചയ്‌ക്ക് 12.30-ന്‌ ഉത്സവബലിദര്‍ശനം, 6.45-ന്‌ ഭജനാമൃതം, രാത്രി ഒന്‍പതിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌. 16-ന്‌ ഉച്ചയ്‌ക്ക് 12.30-ന്‌ ഉത്സവബലിദര്‍ശനം, വൈകിട്ട്‌ ആറരയ്‌ക്ക് പ്രഭാഷണം, എട്ടരയ്‌ക്ക് ചങ്ങനാശേരി ജയകേരള നൃത്തകലാലയത്തിന്റെ ബാലെ 'ശകുന്തളം'. 17-നു രാവിലെ ഒന്‍പതിന്‌ ശ്രീബലി എഴുന്നള്ളത്ത്‌, 12-ന്‌ ഉണ്ണിയൂട്ട്‌. 18-നു രാവിലെ എട്ടരയ്‌ക്ക് ശ്രീബലി എഴുന്നള്ളത്ത്‌, 12.30-ന്‌ ഉണ്ണിയൂട്ട്‌, വൈകിട്ട്‌ ഏഴിന്‌ ആറാട്ട്‌, എട്ടിന്‌ ആറാട്ടെതിരേല്‍പ്‌, 12.30-ന്‌ കൊടിയിറക്ക്‌.

Friday 2 March 2012

പണിക്കര്‍ സാറിന് ആദരാഞ്ജലികള്‍....

അന്തീനാട് 188 നന്പര്‍ എന് എസ് എസ് കരയോഗം അടിയന്തിര കമ്മറ്റി ചേര്‍ന്ന്   എന് എസ് എസ് പ്രസിഡന്‍റ് പി കെ നാരായണ പണിക്കരുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തി.

 സെക്രട്ടറി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്‍റ് പി കെ മാധവന്‍ നായര്‍, ആര്‍ ശശിധരന്‍ എന്നിവര് പ്രസംഗിച്ചു. 

അന്തീനാട് കരയോഗത്തെ പ്രതിനിധീകരിച്ച് കരയോഗം പ്രസിഡന്‍റ് പി കെ മാധവന്‍ നായര്‍, സെക്രട്ടറി ഹരികൃഷ്ണന്‍, യൂണിയന്‍ പ്രതിനിധികളായ ശിവദാസ്, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.

അനധികൃത നമ്പര്‍പ്ലേറ്റ്: നിയമവിരുദ്ധമായി വന്‍ തുക പിഴ ഈടാക്കാന്‍ ഉത്തരവ്


വാഹനങ്ങളിലെ അനധികൃത നമ്പര്‍ പ്ലേറ്റുകള്‍ക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാന്‍ പ്രത്യേക ഉത്തരവിറക്കിയ കോഴിക്കോട് ആര്‍.ടി.ഒ വിവാദ കുരുക്കില്‍. നമ്പര്‍ ചെരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുക തുടങ്ങിയ 
കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം പിഴ പരമാവധി നൂറു രൂപയാണെന്നിരിക്കെയാണ് നിയമം വളച്ചൊടിച്ച് വന്‍ തുക പിഴ ഈടാക്കിത്തുടങ്ങിയത്. രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ വാഹനങ്ങള്‍ റോഡിലിറക്കുന്ന കുറ്റത്തിനുള്ള വകുപ്പ് വളച്ചൊടിച്ച് ഉടമകളെ പിഴിയുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമാനുസൃതമല്ലാത്ത ഇത്തരമൊരു ഉത്തരവിറക്കാന്‍ ആര്‍.ടി.ഒക്ക് അധികാരമില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എ. ഹേമചന്ദ്രന്‍ മാധ്യമത്തോട് പറഞ്ഞു.
നിയമാനുസൃത പിഴ ഈടാക്കാനേ അനുമതിയുള്ളൂ. നിയമാനുസൃതമല്ലാത്ത വകുപ്പ് ചേര്‍ത്ത് ഉത്തരവിറക്കിയതിനെക്കുറിച്ച് ആര്‍.ടി.ഒയോട് വിശദീകരണം തേടും- ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വ്യക്തമാക്കി. ആര്‍.ടി.ഒ പ്രത്യേക ഉത്തരവിറക്കി മാധ്യമങ്ങള്‍ക്കും പൊലീസിനുംവിതരണം ചെയ്തതിനെ കുറിച്ച് അറിയില്ലെന്നാണ് ഡെ. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.എ. റോസമ്മയുടെ നിലപാട്. വാഹനങ്ങളില്‍ അനധികൃത നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാല്‍ മോട്ടോര്‍ വാഹന നിയമം 39/192 വകുപ്പുകള്‍ പ്രകാരം ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 2000, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് 4000, ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപ വീതം പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ ആര്‍.ടി.ഒ ഇറക്കിയ ഉത്തരവിലുള്ളത്.  നടപടി നിയമാനുസൃതമല്ലെന്ന് നിയമ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. താല്‍ക്കാലിക പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞും വാഹനങ്ങള്‍ റോഡിലിറക്കുക, നമ്പര്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, സാധുതയില്ലാത്ത ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുക, സാധുതയില്ലാത്ത രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ യാത്രക്ക് വിട്ടുനല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 39 പ്രകാരം 192 ാം വകുപ്പനുസരിച്ച് 2000 മുതല്‍ 5000 രൂപ വരെ പിഴ ചുമത്താം. എന്നാല്‍, നിയമാനുസൃത നമ്പര്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ ഇരുവശങ്ങളിലും നമ്പര്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, നമ്പര്‍ പ്ലേറ്റ് നിയമാനുസൃത വലിപ്പത്തില്‍ അല്ലാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 50, 50 (ബി), 50 (സി), 51ാം റൂള്‍ പ്രകാരം 177ാം വകുപ്പനുസരിച്ച് 100 രൂപയേ പിഴ ഈടാക്കാവൂവെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ ഉത്തരവില്‍ (ജി.ഒ (പി) 14/2010) നിര്‍വചിച്ചിട്ടുണ്ട്.
100 രൂപക്ക് മുകളില്‍ പിഴ ഈടാക്കിയാല്‍, നടപടിയെടുത്തവര്‍ക്കെതിരെ കോടതിയെ സമീപിക്കാവുന്നതാണെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥര്‍ പ്രത്യേക ഉത്തരവിറക്കിയാലും അത് ഗവര്‍ണറുടെ അനുമതിയോടെ പാസാകുമ്പോഴേ നിയമമാകൂവെന്നും നിയമവൃത്തങ്ങള്‍ പറഞ്ഞു.
നിരവധി വാഹനങ്ങളില്‍ നിയമാനുസൃതമല്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതായി മുമ്പ് പലതവണ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്നൊന്നും നടപടിയെടുക്കാതെ, സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ്, വീണ്ടും നമ്പര്‍ പ്ലേറ്റ് മാറ്റിക്കാനുള്ള ആര്‍.ടി.ഒയുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ മറ്റെവിടെയും ഇത്തരമൊരു ഉത്തരവ് ഇറങ്ങിയിട്ടില്ല.


കടപ്പാട്-  chemancherynews  

Thursday 1 March 2012

നമ്പര്‍ പ്ലേറ്റുകള്‍ നിയമാനുസൃതമല്ലെങ്കില്‍ പിഴ



മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്ന നിശ്ചിത വലിപ്പത്തിലല്ല വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റെങ്കില്‍ 2000 മുതല്‍ 5000 രൂപവരെ പിഴയാകും. മോട്ടോര്‍ വാഹനവകുപ്പിന്റെ 39, 192 വകുപ്പുപ്രകാരം നിയമാനുസൃതം നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപ, മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 4000 രൂപ, ഭാരവാഹനങ്ങള്‍ക്ക് 5000 രൂപ എന്നിങ്ങനെ പിഴയടയ്ക്കണം.

ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിന്റെ വലിപ്പം 20ന്ദ10സെ. മീറ്ററായാണ് വകുപ്പ് നിര്‍ദേശിക്കുന്നത്. ഇവയുടെ മുന്‍വശത്തെ നമ്പര്‍ മാത്രം ഒരു വരിയായി എഴുതാവുന്നതാണ്. പിന്നിലെ നമ്പര്‍ രണ്ടു വരിയായിത്തന്നെ എഴുതണം. എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ വശങ്ങളിലെ നമ്പര്‍ രണ്ടുവരിയായി എഴുതേണ്ടതാണ്.

നമ്പര്‍ പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും എഴുതുന്നതിനും അക്ഷരങ്ങള്‍ക്കിടയിലെ അകലത്തിനും കൃത്യമായ അളവുകളുണ്ട്. ഇരുചക്രവാഹനങ്ങളുടെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും മൂന്ന് സെന്റിമീറ്റര്‍ ഉയരവും 0.5 സെന്റിമീറ്റര്‍ വീതിയും വേണം. ഓരോ അക്ഷരത്തിനുമിടയില്‍ 0.5 സെന്റിമീറ്റര്‍ അകലം വേണം.

ഇരുചക്രവാഹനങ്ങളുടെ പിന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് 3.5 സെന്റിമീറ്റര്‍ ഉയരവും അക്കങ്ങള്‍ക്ക് നാലു സെന്റിമീറ്ററും ഉയരം വേണം. 0.5 സെന്റിമീറ്റര്‍ വീതിയിലാണ് എഴുതേണ്ടത്. അകലം 0.5 സെന്റിമീറ്റര്‍തന്നെ.മുച്ചക്രവാഹനങ്ങളാണെങ്കില്‍ രണ്ട് നമ്പര്‍ പ്ലേറ്റുകളിലും അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും നാലു സെന്റിമീറ്റര്‍ ഉയരം വേണം. 0.7 സെന്റിമീറ്റര്‍ വീതിയിലാണ് ഇവ എഴുതേണ്ടത്. അക്ഷരങ്ങള്‍ക്കിടയില്‍ 0.5 സെന്റിമീറ്റര്‍ അകലം വേണം.

ലൈറ്റ്/മീഡിയം/ഹെവി വാഹനങ്ങള്‍ക്കുപിന്നിലും വശങ്ങളിലും രണ്ടു വരിയായി നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍/ടാക്‌സി കാര്‍ എന്നിവയ്ക്കുമാത്രം മുന്നിലും പിന്നിലും ഒറ്റവരിയായി നമ്പര്‍ എഴുതാവുന്നതാണ്. മറ്റു വാഹനങ്ങളില്‍ മുന്‍വശത്തെ നമ്പര്‍ മാത്രം ഒരു വരിയായി എഴുതാവുന്നതാണ്. എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ വശങ്ങളിലെ നമ്പര്‍ രണ്ടുവരിയായിത്തന്നെ എഴുതണം.

ഇത്തരം വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റിന്റെ വലിപ്പം ഒറ്റവരിയാണെങ്കില്‍ 50ന്ദ121012സന്റിമീറ്ററും രണ്ടുവരിയാണെങ്കില്‍ 34ന്ദ20 സെന്റിമീറ്ററും ആണ്. അക്ഷരങ്ങള്‍ക്ക് 6.5 സെന്റിമീറ്റര്‍ ഉയരവും ഒരു സെന്റിമീറ്റര്‍ വീതിയുമാണ് പറയുന്നത്. അക്ഷരങ്ങള്‍ക്കിടയില്‍ ഒരു സെന്റിമീറ്റര്‍ അകലം വേണമെന്നും നിര്‍ബന്ധമുണ്ട്.

നമ്പര്‍ പ്ലേറ്റുകളുടെ നിറം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മഞ്ഞയില്‍ കറുത്ത അക്ഷരങ്ങളും മറ്റുള്ളവയ്ക്ക് വെള്ളയില്‍ കറുത്ത അക്ഷരങ്ങളുമാണ്. വാഹനത്തെ തിരിച്ചറിയാതിരിക്കാനായി നമ്പര്‍ വലിപ്പം കുറച്ചും വികലമാക്കിയും എഴുതുന്നതും കുറ്റകരമാണെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ക്കും ഈ അളവുകള്‍ ബാധകമാണ്. നമ്പര്‍ പ്ലേറ്റുകളുടെ നിയമാനുസൃതമായ മാതൃക മോട്ടോര്‍ വാഹനവകുപ്പ് ബോര്‍ഡ് എഴുത്തുകാര്‍ക്ക് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഒരാഴ്ചയ്ക്കകം നടപടികള്‍ എടുത്തുതുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.



കടപ്പാട്- മാതൃഭൂമി