Friday 28 September 2012

പ്രത്യേക ശ്രദ്ധയ്‌ക്ക്....


           
ബീഫ്‌ ഉലര്‍ത്തിയതും ചിക്കന്‍ ഫ്രൈയുമൊക്കെ വാങ്ങി കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, രോഗം ബാധിച്ചും അപകടത്തില്‍പ്പെട്ടും ചത്ത ഉരുക്കളുടെയും കോഴിയുടെയും മാംസമാകാം രുചിയോടെ കഴിക്കുന്നത്‌. ഇതുവരെ വെറും ആക്ഷേപമായി നിലനിന്നിരുന്ന വസ്‌തുത തെളിയിക്കുന്ന സംഭവമായി കഴിഞ്ഞ ദിവസം പീരുമേട്ടില്‍ സംഭവിച്ചത്‌. ജീവനുളള മാടുകള്‍ക്കൊപ്പം ചത്ത മാടുകളെയും കടത്താനുളള ശ്രമംനാട്ടുകാര്‍ തടയുകയായിരുന്നു.

ജില്ലയില്‍ ഷാപ്പുകള്‍ ചില ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ചത്ത മാടുകളുടെ ഇറച്ചി പാചകം ചെയ്‌തു വില്‍ക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, അധികൃതരുടെ പരിശോധന പേരിനു പോലുമില്ലാത്തതിനാല്‍ ഇത്തരം ഇടപാടുകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു. 

കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലുണ്ടായ സംഭവവും ആരേയും ഞെട്ടിക്കുന്നതാണ്‌.

രോഗം ബാധിച്ച പശുവിനെ നാട്ടുകാരുടെ സഹായത്തോടെ മൃഗഡോക്‌ടര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ഈ പശുവിനേയും കശാപ്പിനായികടത്തിക്കൊണ്ടുപോയി.ഷാപ്പുകളിലും ബാറുകളിലും മറ്റും രണ്ടെണ്ണം 'വീശി' നില്‍ക്കുമ്പോള്‍ ലഭിക്കുന്ന കറിയിലെ ഇറച്ചിയുടെ ഗുണനിലവാരം ആരും നോക്കില്ലെന്നതാണു ഇവിടെചത്ത മൃഗങ്ങളുടെ ഇറച്ചി വില്‍ക്കാനുള്ള പ്രധാന കാരണം. മാത്രമല്ല, സാധാരണ ഇറച്ചിയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ഈ ഇറച്ചി ലഭിക്കുമെന്നതും ഹോട്ടലുകാരും ഷാപ്പുകളിലെ കറികച്ചവടക്കാരും ഈ ഇറച്ചി വാങ്ങുന്നതിനു കാരണമാകുന്നു. 

ഗുരുതരമായ രോഗം ബാധിച്ചു ചാകുന്ന മാടുകളുടെ ഇറച്ചിയാണ്‌ ഇത്തരത്തില്‍ വിറ്റഴിക്കപ്പെടുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നു മറ്റും മാടുകള്‍ക്കൊപ്പം ലോറിയില്‍ കൊണ്ടുവരുന്ന ചത്ത മാടുകളെ കൊടികുത്തി ചന്തയില്‍ ഇറക്കാതെ നേരെ കശാപ്പുശാലകളില്‍ എത്തിക്കുകയാണു പതിവ്‌. 

നേരം പുലരുന്നതിനു മുമ്പു തന്നെ ഈ ഇറച്ചി മറ്റു ഇറച്ചിയ്‌ക്കൊപ്പം കലര്‍ത്തുന്നതിനാല്‍ വാങ്ങാനെത്തുന്നവര്‍ക്കു തിരിച്ചറിയാന്‍ കഴിയാറില്ല.

തമിഴ്‌നാട്ടില്‍ ഒരു പോത്തിന്റെ വില ഇരുപതിനായിരത്തിലധികമാവും. ഇത്രയും തുക നല്‌കി കൊണ്ടുവരുന്ന പോത്ത്‌ ഇടയ്‌ക്ക് ചത്താല്‍ അതിനെ ഉപേക്ഷിക്കാന്‍ പണം നല്‍കിയവര്‍ തയാറാകില്ല. റോഡിലൂടെ കന്നുകാലികളെ നടത്തിക്കൊണ്ടുവരുന്നത്‌ നിരോധിച്ചതോടെ ലോറികളില്‍ 30 ല്‍ അധികം അറവുമാടുകളെ കുത്തി നിറച്ചാണ്‌ എത്തിക്കുന്നത്‌. ഒന്നിനു മുകളില്‍ ഒന്നായി അടുക്കി ഇട്ട നിലയില്‍ വായു ലഭിക്കാന്‍ പോലും കഴിയാത്ത സ്‌ഥിതിയിലാണ്‌ പലപ്പോഴും അറവുമാടുകള്‍ ലോറിയില്‍ നില്‌ക്കുന്നത്‌. ഇത്തരത്തില്‍ കൊണ്ടുവരുന്നതിനിടയില്‍ മാടുകള്‍ ചാകുന്നത്‌ പതിവ്‌ സംഭമാണ്‌.

അടുത്തിടെ മണര്‍കാട്‌ ട്രോപ്പിക്കല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇക്കോളജിക്കല്‍ സയന്‍സ്‌ നടത്തിയ പഠനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കപ്പെടുന്നതു രോഗകാരികളായ ബാക്‌ടീരിയകള്‍ നിറഞ്ഞ ഇറച്ചിയാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരേ നടപടിയൊന്നും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായതേയില്ല.കൊണ്ടുവരും വഴി ചാകുന്ന നൂറുകണക്കിനു കോഴികളുടെ ഇറച്ചിയും കോള്‍ഡ്‌ സ്‌റ്റോറേജ്‌, ഹോട്ടല്‍ എന്നിവ വഴി നമ്മുടെ തീന്‍മേശയില്‍ എത്തുന്നുണ്ട്‌. രോഗം ബാധിച്ച കോഴികളാണ്‌ ഇത്തരത്തില്‍ യായ്ര്‌ക്കിടെ ചാകുന്നത്‌. ഗുരുതര രോഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്‌ക്കും ഇടയാക്കുന്ന രീതിയിലാണു ചത്ത മൃഗങ്ങളുടെ ഇറച്ചി വിറ്റഴിക്കുന്നത്‌.ഇറച്ചിയ്‌ക്കായി കൊണ്ടുവരുന്ന ഉരുക്കളെ മൃഗഡോക്‌ടര്‍ പരിശോധിക്കണമെന്ന വ്യവസ്‌ഥയുണ്ടെങ്കിലും പാലിക്കപ്പെടാറേയില്ല. അതിര്‍ത്തി ചെക്ക്‌പോസ്‌റ്റുകളില്‍ പേരിനൊരു പരിശോധന നടത്തുന്നതൊഴിച്ചാല്‍ ജില്ലയില്‍ ഒരു സ്‌ഥലത്തും പരിശോധന ഇല്ലെന്നാണ്‌ ആക്ഷേപം.

No comments:

Post a Comment