Saturday 12 May 2012



ഡീസല്‍ കാര്‍ വാങ്ങണോ ? 

ഡീസല്‍ കാറുകള്‍ക്ക് പ്രിയമേറുന്നു... പെട്രോളിന്റെ വില നിയന്ത്രണം നീക്കുകയും ഡീസലിന് വില കുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന ട്രെന്‍ഡ്. ഡീസലിനു വില കുറവായതുകൊണ്ട് ഡീസല്‍ കാര്‍ ലാഭകരമാണോ? ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തി. ഡീസല്‍ എന്‍ജിനുകള്‍ക്കായി അധിക പണം ചെലവഴിക്കില്ലെന്ന്. ഡീസലിന്റെ വിലനിയന്ത്രണം നീക്കുമെന്നും അധിക സെസ് ഏര്‍പ്പെടുത്തുമെന്നും കാര്‍ ഉടമകള്‍ക്ക് സബ്‌സിഡി ഒഴിവാക്കിയേ ഡീസല്‍ നല്‍കൂ എന്നുമെല്ലാം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. 




ഡീസല്‍ വിലയുടെ കാര്യത്തില്‍ അനിശ്ചിതത്വം ശക്തമായ സാഹചര്യത്തിലാണ് രാജ്യത്തെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ പുതിയ തീരുമാനം. പകരം ടാറ്റ മോട്ടോഴ്‌സ്-ഫിയറ്റ് സഖ്യത്തില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ സ്വീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

വിലയുടെ കുറഞ്ഞതുകൊണ്ട് മാത്രമുള്ള അഭിനിവേശമാണ് ഡീസല്‍കാറുകളോടുള്ളത്. ഒരുപക്ഷെ വില ഉയര്‍ന്നാല്‍ ഈ സ്ഥിതി മറിച്ചായേക്കും. ഇതു മുന്‍കൂട്ടി കണ്ടാണ് മാരുതിയുടെ തീരുമാനം. ടാക്‌സി സേവനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഡീസല്‍ കാറുകള്‍ തന്നെ ലാഭകരം. കൂടുതല്‍ ദീര്‍ഘദൂര യാത്രകള്‍ക്കുള്ള വാഹനമെന്ന നിലയിലും ഡീസല്‍ കാറുകള്‍ തിരഞ്ഞെടുക്കാം. എന്നാല്‍, വ്യക്തിഗത ആവശ്യങ്ങളാണെങ്കിലോ? 2010 ജൂണില്‍ പെട്രോള്‍ വിലയുടെ നിയന്ത്രണം നീക്കിയതിനു ശേഷം എണ്ണക്കമ്പനികള്‍ ആറു തവണ പെട്രോള്‍ വില ഉയര്‍ത്തി. ആകെ 22 ശതമാനത്തോളമാണ് വര്‍ധന. പെട്രോളിന് നിലവില്‍ 66.20 രൂപയാണ് വില. ഡീസലിന് 44.55 രൂപയും. (തിരുവനന്തപുരത്തെ വില). അതായത് ലിറ്ററിന് 21.65 രൂപയുടെ വ്യത്യാസം. ഇനി മറ്റുചില കണക്കുകള്‍ നോക്കാം.

മൈലേജ്


കാര്‍ വാങ്ങിയാല്‍ പ്രധാന ചെലവ് ഇന്ധനത്തിനാണ്. ഉദാഹരണത്തിന് സ്വിഫ്റ്റിന്റെ പുതിയ മോഡലുകള്‍ എടുക്കാം. പെട്രോളിന് 18.6 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. ഡീസലിന് 22.9 കിലോമീറ്ററും. മാസം ആയിരം കിലോമീറ്റര്‍ ഓടുന്നുവെന്ന് കരുതുക. അപ്പോള്‍ അഞ്ചു വര്‍ഷംകൊണ്ട് 60,000 കിലോമീറ്റര്‍ യാത്ര. പെട്രോളിന്റെയും ഡീസലിന്റെയും ഇപ്പോഴത്തെ വിലയനുസരിച്ച് പെട്രോള്‍ കാറിന് ഇന്ധനച്ചെലവ് കിലോമീറ്ററിന് 3.5 രൂപയായിരിക്കും. ഡീസലിന് 1.9 രൂപയും. അതായത്, അഞ്ചു വര്‍ഷത്തേക്കുള്ള പെട്രോളിന് 2.10 ലക്ഷം രൂപയും ഡീസലിന് 1.14 ലക്ഷം രൂപയും ആയിരിക്കും. വ്യത്യാസം 96,000 രൂപ.


സ്വിഫ്റ്റിന്റെ പെട്രോള്‍ മോഡലിന് 4.36 ലക്ഷം രൂപ. ഡീസലിന് 5.21 ലക്ഷവും. വ്യത്യാസം 85,000 രൂപ. ഇനി അഞ്ചു വര്‍ഷത്തെ കണക്കില്‍ വാഹന വിലയും ഇന്ധന ചെലവും തമ്മിലുള്ള വ്യത്യാസം നോക്കുക. പെട്രോള്‍ കാറുകള്‍ക്ക് അധികമെന്നു പറയാവുന്നത് 11,000 രൂപ മാത്രം. ഡീസല്‍ വിലയില്‍ വ്യത്യാസം വരുന്നില്ലെങ്കിലുള്ള കണക്കനുസരിച്ചാണിത്. (കണക്കുകള്‍ കമ്പനികള്‍ക്കും മോഡലുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാം.)


ചിലപ്പോള്‍ പെട്രോള്‍ കാറുകള്‍ക്ക് കമ്പനി വിലക്കുറവ് നല്‍കാം. ഡീസല്‍ മോഡലുകള്‍ക്ക് താരതമ്യേന നികുതി കൂടുതലായതിനാലാണ് വില ഉയര്‍ന്നു നില്‍ക്കുന്നത്. വാഹന വായ്പ ലഭ്യമാക്കുമ്പോഴും ചില കമ്പനികള്‍ ആനുകൂല്യമെന്ന നിലയില്‍ പലിശയിളവു വാഗ്ദാനം ചെയ്യാറുണ്ട്. ഇതെല്ലാം കൂടി പരിഗണിക്കുമ്പോള്‍ കണക്കുകള്‍ വീണ്ടും മാറും.

പഴയ കാറുകള്‍


ഡീസല്‍ കാറുകള്‍ ലഭിക്കുന്നതിന് ബുക്ക് ചെയ്ത് നാലു മാസം മുതല്‍ എട്ടു മാസം വരെ കാത്തിരിക്കേണ്ടതായി വരും. യൂസ്ഡ് കാര്‍ വിപണിയില്‍ പെട്രോള്‍ കാറുകള്‍ക്കും ഡീസല്‍ കാറുകള്‍ക്കും ഒരേ പ്രാധാന്യമായിരുന്നു അടുത്ത കാലം വരെ. എങ്കിലും പഴയകാറുകളുടെ വില നിര്‍ണയിക്കുന്നതില്‍ പല നിര്‍ണായക ഘടകങ്ങളുമുണ്ട്. തേയ്മാനം, ബ്രാന്‍ഡ്, പ്രവര്‍ത്തന നിലവാരം, എത്ര ദൂരം ഓടിയിട്ടുണ്ട് എന്നിങ്ങനെ. എന്നാല്‍ ഇന്ധന വിലയിലെ വ്യത്യാസവും ഇപ്പോള്‍ പ്രധാന ഘടകമായിരിക്കുന്നു. ഇത് പഴയ കാറുകളുടെ വിപണിയിലും ഡീസല്‍ കാറുകള്‍ക്ക് വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

കാത്തിരിപ്പ്


ഡീസല്‍ കാറുകള്‍ വാങ്ങാനുദ്ദേശിച്ചാല്‍ ബുക്ക് ചെയ്ത് നാലു മുതല്‍ എട്ടു മാസം വരെ കാത്തിരിക്കണം. പ്രമുഖ കമ്പനികളുടെയെല്ലാം സ്ഥിതി ഇതാണ്. പ്രധാന കമ്പനികളെല്ലാം അടുത്ത കാലം വരെ പെട്രോള്‍ മോഡലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നാണ് ഇതിനു കാരണം. ഡീസല്‍ എന്‍ജിന്റെ സാങ്കേതിക ഗുണനിലവാരം മെച്ചപ്പെടുത്തിയെടുക്കാന്‍ കമ്പനികള്‍ക്ക് അധികം തുക ചെലവാക്കേണ്ടി വരുന്നുമുണ്ട്.

സാങ്കേതികത


ഒരു ദശാബ്ദം മുമ്പു വരെ ഡീസല്‍ കാറുകളെന്നാല്‍ വേഗം കുറഞ്ഞ, ശബ്ദം കൂടിയ വാഹനങ്ങളായിരുന്നു. എന്‍ജിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് ഏറെയായിരുന്നു. എന്നാല്‍ സാങ്കേതികത പുരോഗമിച്ചതോടെ ഈ സ്ഥിതിവിശേഷം മാറിയിട്ടുണ്ട്. വിപണിയിലെ മത്സരം പെട്രോള്‍ എന്‍ജിനോടു കിടപിടിക്കുന്ന ഡീസല്‍ എന്‍ജിനുകള്‍ ധാരാളമായെത്തുന്നതിന് കാരണമായി.

ഇന്‍ഷുറന്‍സ്


പെട്രോള്‍, ഡീസല്‍ മോഡല്‍ വ്യത്യാസം നോക്കിയല്ല ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്. ഇന്‍ഷുര്‍ഡ് ഡിക്ലെയര്‍ജഡ് വാല്യു (ഐഡിവി), ലോസ് റേഷ്യോ ( റിസ്‌ക്) എന്നിവയ്ക്കനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ ഒരേ വിഭാഗത്തില്‍ പെട്ട ഡീസല്‍ കാറുകള്‍ക്കായിരിക്കും പെട്രോള്‍ കാറിനേക്കാള്‍ പ്രീമിയം കൂടുതല്‍. ഡീസല്‍ കാറുകള്‍ക്ക് വില കൂടുതലായിരിക്കാനുള്ള കാരണങ്ങളിലൊന്നും ഇതാണ്. കാര്‍ വാങ്ങുമ്പോള്‍ പെട്രോള്‍ വേണോ ഡീസല്‍ വേണോ? ആവശ്യങ്ങള്‍ അറിഞ്ഞ് മുകളിലുള്ള ഘടകങ്ങള്‍ അനുസരിച്ച് തീരുമാനമെടുക്കാം. 







കടപ്പാട്-മാതൃഭൂമി

No comments:

Post a Comment