Monday 12 March 2012

മീനച്ചിലിനു പുണ്യമായി മുരുകന്മല


 എസ്.എന്‍.ഡി.പി. യോഗത്തിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വാഗമണ്‍ മുരുകന്‍മലയില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന മുരുകക്ഷേത്രം നിര്‍മ്മിക്കുമെന്ന് മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം, സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു. മുരുകന്‍ മലയിലെ 25 ഏക്കര്‍ സ്ഥലമാണ് യോഗത്തിന് പതിച്ചുനല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. 15 ഏക്കര്‍ മീനച്ചില്‍ യൂണിയനും 10 ഏക്കര്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് നല്‍കുക. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള മുരുകന്‍മലയ്ക്കടുത്തുതന്നെയാണ് കുരിശുമലയും തങ്ങള്‍പാറയും. വാഗമണ്‍-വഴിക്കടവ് റോഡില്‍ നിന്നാരംഭിക്കുന്ന മുരുകന്‍മലയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മുകളിലെ ഗുഹാമുഖത്ത് വനദുര്‍ഗ്ഗാദേവീക്ഷേത്രവും ഉണ്ട്. മുരുകന്‍മല എസ്.എന്‍.ഡി.പി. യോഗത്തിന് പതിച്ചുനല്‍കണമെന്ന് ദീര്‍ഘനാളായി മീനച്ചില്‍ യൂണിയന്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ജനവരി 25ന് റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതുസംബന്ധിച്ച പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. ധനമന്ത്രി കെ.എം. മാണി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. എന്നിവരും ഭൂമി പതിച്ചു നല്‍കുന്നതിനനുകൂലമായ നിലപാടെടുത്തു. നിലവിലുള്ള ക്ഷേത്രത്തിനു പകരം പഴനിയിലേതുപോലെയുള്ള ക്ഷേത്രം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

മീനം ഒന്നിന്‌ മുരുകന്മല മഞ്ഞ പുതയ്‌ക്കും. മീനച്ചില്‍ എസ്‌.എന്‍.ഡി.പി. യൂണിയനു കീഴിലെ മുഴുവന്‍ ശാഖകളിലെയും പ്രവര്‍ത്തകര്‍ മലയിലെത്തി പീത പതാകകള്‍ സ്‌ഥാപിക്കും. ഭഗവാന്റെ പൂങ്കാവനത്തിലേക്കുള്ള 1008 പടികളെ പ്രതിനിധീകരിച്ച്‌ 1008 പീത പതാകകളാണ്‌ 14-നു രാവിലെ ഒന്‍പതിന്‌ മുരുകന്മലയില്‍ സ്‌ഥാപിക്കുക.

മുരുകന്മല മഹാക്ഷേത്രം മതേതര തീര്‍ഥാടനകേന്ദ്രമായിരിക്കും. ഏത്‌ മതവിഭാഗത്തില്‍പെട്ടവര്‍ക്കും ഇവിടെ ആരാധന നടത്താം. ഭക്‌തര്‍ക്ക്‌ നേരിട്ട്‌ വഴിപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തും.

മീനം ഒന്നിന്‌ ഇടമറ്റം എസ്‌.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തിലാണ്‌ ഇവിടെ മാസപൂജ നടക്കുന്നത്‌. പീതപതാക സ്‌ഥാപനത്തിനു മുന്നോടിയായി ഇന്നലെ യൂണിയന്‍ഹാളില്‍ പതാകസമര്‍പ്പണം നടന്നു. 

ഇടമറ്റം ശാഖാ ഭാരവാഹികളായ രത്നപ്പന്‍ ഇട്ടിക്കുന്നേല്‍, വിനീത്‌ അമ്പലത്തറ എന്നിവര്‍ക്ക്‌ പീത പതാക കൈമാറി മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍ പീത പതാക സമര്‍പ്പണം നിര്‍വ്വഹിച്ചു. 

സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ്‌ എ.കെ. ഗോപി ശാസ്‌താപുരം അധ്യക്ഷതവഹിച്ചു. ഷാജി കടപ്പൂര്‍, ഡി. രാജപ്പന്‍ ഒഴാങ്കല്‍, പി.എസ്‌. ശാര്‍ങ്‌ധരന്‍, ഷാജി തലനാട്‌, സുരേഷ്‌ ഇട്ടിക്കുന്നേല്‍, സജീവ്‌ വയല തുടങ്ങിയവര്‍ പ്രസംഗിച്ചു. മീനം ഒന്നിന്‌ വിവിധ ശാഖകളില്‍നിന്നായി നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ഭക്‌തര്‍ മുരുകന്മലയിലേക്കെത്തുക.

No comments:

Post a Comment