Friday 2 March 2012

അനധികൃത നമ്പര്‍പ്ലേറ്റ്: നിയമവിരുദ്ധമായി വന്‍ തുക പിഴ ഈടാക്കാന്‍ ഉത്തരവ്


വാഹനങ്ങളിലെ അനധികൃത നമ്പര്‍ പ്ലേറ്റുകള്‍ക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാന്‍ പ്രത്യേക ഉത്തരവിറക്കിയ കോഴിക്കോട് ആര്‍.ടി.ഒ വിവാദ കുരുക്കില്‍. നമ്പര്‍ ചെരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുക തുടങ്ങിയ 
കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം പിഴ പരമാവധി നൂറു രൂപയാണെന്നിരിക്കെയാണ് നിയമം വളച്ചൊടിച്ച് വന്‍ തുക പിഴ ഈടാക്കിത്തുടങ്ങിയത്. രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ വാഹനങ്ങള്‍ റോഡിലിറക്കുന്ന കുറ്റത്തിനുള്ള വകുപ്പ് വളച്ചൊടിച്ച് ഉടമകളെ പിഴിയുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമാനുസൃതമല്ലാത്ത ഇത്തരമൊരു ഉത്തരവിറക്കാന്‍ ആര്‍.ടി.ഒക്ക് അധികാരമില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എ. ഹേമചന്ദ്രന്‍ മാധ്യമത്തോട് പറഞ്ഞു.
നിയമാനുസൃത പിഴ ഈടാക്കാനേ അനുമതിയുള്ളൂ. നിയമാനുസൃതമല്ലാത്ത വകുപ്പ് ചേര്‍ത്ത് ഉത്തരവിറക്കിയതിനെക്കുറിച്ച് ആര്‍.ടി.ഒയോട് വിശദീകരണം തേടും- ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വ്യക്തമാക്കി. ആര്‍.ടി.ഒ പ്രത്യേക ഉത്തരവിറക്കി മാധ്യമങ്ങള്‍ക്കും പൊലീസിനുംവിതരണം ചെയ്തതിനെ കുറിച്ച് അറിയില്ലെന്നാണ് ഡെ. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.എ. റോസമ്മയുടെ നിലപാട്. വാഹനങ്ങളില്‍ അനധികൃത നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാല്‍ മോട്ടോര്‍ വാഹന നിയമം 39/192 വകുപ്പുകള്‍ പ്രകാരം ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 2000, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് 4000, ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപ വീതം പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ ആര്‍.ടി.ഒ ഇറക്കിയ ഉത്തരവിലുള്ളത്.  നടപടി നിയമാനുസൃതമല്ലെന്ന് നിയമ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. താല്‍ക്കാലിക പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞും വാഹനങ്ങള്‍ റോഡിലിറക്കുക, നമ്പര്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, സാധുതയില്ലാത്ത ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുക, സാധുതയില്ലാത്ത രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ യാത്രക്ക് വിട്ടുനല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 39 പ്രകാരം 192 ാം വകുപ്പനുസരിച്ച് 2000 മുതല്‍ 5000 രൂപ വരെ പിഴ ചുമത്താം. എന്നാല്‍, നിയമാനുസൃത നമ്പര്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ ഇരുവശങ്ങളിലും നമ്പര്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക, നമ്പര്‍ പ്ലേറ്റ് നിയമാനുസൃത വലിപ്പത്തില്‍ അല്ലാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 50, 50 (ബി), 50 (സി), 51ാം റൂള്‍ പ്രകാരം 177ാം വകുപ്പനുസരിച്ച് 100 രൂപയേ പിഴ ഈടാക്കാവൂവെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ ഉത്തരവില്‍ (ജി.ഒ (പി) 14/2010) നിര്‍വചിച്ചിട്ടുണ്ട്.
100 രൂപക്ക് മുകളില്‍ പിഴ ഈടാക്കിയാല്‍, നടപടിയെടുത്തവര്‍ക്കെതിരെ കോടതിയെ സമീപിക്കാവുന്നതാണെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥര്‍ പ്രത്യേക ഉത്തരവിറക്കിയാലും അത് ഗവര്‍ണറുടെ അനുമതിയോടെ പാസാകുമ്പോഴേ നിയമമാകൂവെന്നും നിയമവൃത്തങ്ങള്‍ പറഞ്ഞു.
നിരവധി വാഹനങ്ങളില്‍ നിയമാനുസൃതമല്ലാത്ത നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതായി മുമ്പ് പലതവണ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്നൊന്നും നടപടിയെടുക്കാതെ, സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ്, വീണ്ടും നമ്പര്‍ പ്ലേറ്റ് മാറ്റിക്കാനുള്ള ആര്‍.ടി.ഒയുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ മറ്റെവിടെയും ഇത്തരമൊരു ഉത്തരവ് ഇറങ്ങിയിട്ടില്ല.


കടപ്പാട്-  chemancherynews  

No comments:

Post a Comment