Tuesday 20 March 2012

ബജറ്റ്‌: പാലായ്‌ക്കു കൈനിറയെ.....



പത്താം ബജറ്റ്‌ അവതരിപ്പിച്ച്‌ ചരിത്രത്തില്‍ ഇടംനേടിയ ധനകാര്യമന്ത്രി കെ.എം. മാണി വാരിക്കോരിയാണ്‌ ഇക്കുറിയും പാലായ്‌ക്കു വികസന പദ്ധതികള്‍ സമ്മാനിക്കുന്നത്‌. പാലായുടെയും കോട്ടയം ജില്ലയുടെയും മുഖച്‌ഛായ മാറ്റാനുതകുന്ന വികസന പദ്ധതികളാണ്‌ മന്ത്രി മാണി അവതരിപ്പിച്ചിരിക്കുന്നത്‌. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികള്‍ സമസ്‌ത മേഖലയുടെയും വികസനത്തിന്‌ ആക്കംകൂട്ടുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

മന്ത്രി മാണിയുടെ സ്വപ്‌നപദ്ധതികളിലൊന്നായ മീനച്ചില്‍ നദീതട പദ്ധതിക്കുതന്നെയാണ്‌ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്‌. വര്‍ഷം മുഴുവന്‍ മീനച്ചിലാറ്റില്‍ക്കൂടി വെള്ളമൊഴുക്കാന്‍ പദ്ധതിയിട്ട്‌ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മീനച്ചില്‍ നദീതടപദ്ധതി പൂര്‍ത്തിയാകുന്നതോടെ കോട്ടയം ജില്ലയിലെ ജലക്ഷാമത്തിനു പൂര്‍ണമായ പരിഹാരമാകും. 50 കോടി രൂപയാണ്‌ ഇക്കുറി ബജറ്റില്‍ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന വിദഗ്‌ദ്ധ സമിതി പഠന റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചാല്‍ ഉടന്‍തന്നെ മീനച്ചില്‍ നദീതട പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കാനാകുമെന്ന്‌ മന്ത്രി ബജറ്റവതരണത്തില്‍ വ്യക്‌തമാക്കി.

ജില്ലയിലെ ഗതാഗതരംഗത്ത്‌ നൂതനാശയമായ ആകാശ കാര്‍ പദ്ധതിയായ 'പോഡ്‌ കാര്‍' മന്ത്രി മാണിയുടെ ബജറ്റ്‌ നിര്‍ദേശങ്ങളില്‍ സുപ്രധാനമാണ്‌. കോട്ടയം- പാലാ റൂട്ടിലാവും പദ്ധതി പ്രാവര്‍ത്തികമാകുക.

ആയിരങ്ങള്‍ക്ക്‌ ജോലി ലഭ്യമാകുന്ന ഐടി ടെക്‌നോപാര്‍ക്ക്‌ കരൂര്‍ പഞ്ചായത്തില്‍ യാഥാര്‍ഥ്യമാക്കും. ഇതിനായി ഇക്കുറി 10 കോടി രൂപാ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌. ജില്ലയിലെ വ്യാവസായിക- വിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിപ്പും പ്രതീക്ഷിക്കുന്ന ടെക്‌നോപാര്‍ക്ക്‌ യാഥാര്‍ഥ്യമാകുന്നതോടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ പ്രാഗത്ഭ്യം പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക്‌ നാട്ടില്‍തന്നെ ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി ചെയ്യാനാകും.

മാലിന്യമുക്‌ത കേരള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ ജില്ലകളില്‍ മാത്രം നടപ്പാക്കാന്‍ നിര്‍ദേശിക്കപ്പെട്ട വന്‍കിട മാലിന്യ സംസ്‌കരണ പ്ലാന്റ്‌ കോട്ടയത്തിനുകൂടി നേടിയെടുക്കാന്‍ മന്ത്രി കെ.എം. മാണിക്കായി. ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക്‌ പൂര്‍ണ പരിഹാരമാകുന്നതോടെ വടവാതൂര്‍, കാനാട്ടുപാറ പ്രദേശങ്ങളിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമാകും. ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ വന്‍കിട മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 100 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. പൊതു-സ്വകാര്യ സംരംഭമായിട്ടായിരിക്കും പദ്ധതി നിലവില്‍വരുക.

ഉറവിടത്തില്‍ത്തന്നെ ഉണ്ടാകുന്ന മാലിന്യ സംസ്‌കരണ കമ്പോസ്‌റ്റ് ഉപയോഗിച്ച്‌ അടുക്കളത്തോട്ട വ്യാപനവും ലക്ഷ്യമിടുന്നു. പൈപ്പ്‌ കമ്പോസ്‌റ്റിന്‌ ഒരു യൂണിറ്റിന്‌ 800 രൂപയും വെര്‍മി കമ്പോസ്‌റ്റിന്‌ 1250 രൂപയും ബയോഗ്യാസ്‌ പ്ലാന്റിന്‌ 11,000 രൂപയും ചെലവു പ്രതീക്ഷിക്കുന്നു. കമ്പോസ്‌റ്റ് സംവിധാനങ്ങളുടെ വിലയുടെ 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

ചരിത്രപ്രസിദ്ധമായ മുരുകന്മല, തങ്ങള്‍പാറ, കുരിശുമല, കടപ്പാട്ടൂര്‍, രാമപുരം, നാലമ്പലം, രാമപുരത്തെ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം, ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം, ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രം, ഇലവീഴാപ്പൂഞ്ചിറ, വാഗമണ്‍ തുടങ്ങിയ തീര്‍ഥാടന-ടൂറിസ്‌റ്റ് കേന്ദ്രങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്യൂട്ട്‌ പദ്ധതിക്കാണ്‌ പച്ചക്കൊടി കാട്ടിയിരിക്കുന്നത്‌. ജില്ലയിലെ 50 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ്‌ പദ്ധതി നടപ്പാക്കുക. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ടൂറിസം പദ്ധതിയാകും ഇത്‌. കോട്ടയത്തെയും പാലായിലെയും നിരവധി റോഡുകള്‍ക്കായി കോടിക്കണക്കിനു രൂപയും മന്ത്രി കെ.എം. മാണി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്‌

No comments:

Post a Comment