Saturday 14 January 2012

'ജിമ്മി ജോര്‍ജ്‌ റിട്ടേണ്‍സ്‌'


വോളിബോള്‍ രാജകുമാരന്‍ പാലായുടെ സ്വന്തം  ജിമ്മി ജോര്‍ജ്ജിന് സ്‌മരണാഞ്‌ജലിയുമായി ജിമ്മിയോടൊപ്പം പാലായിലും കേരളത്തിലും ഭാരതത്തിലും വിദേശത്തുമുണ്ടായിരുന്ന വോളിബോള്‍ താരങ്ങളും ആരാധകരും പരിശീലകരും ഇന്നു വൈകിട്ട്‌ ആറിന്‌ ഒരുമിച്ച്‌ കളിച്ചുവളര്‍ന്ന പാലാ മണര്‍കാട്ട്‌ സ്‌റ്റേഡിയത്തില്‍ ഒത്തുകൂടും.

1974-ല്‍ ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസ്‌ മുതല്‍ ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ ജിമ്മിയോടൊപ്പമുണ്ടായിരുന്ന കേരള പോലീസ്‌ ഐ.ജിമാരായ എസ്‌. ഗോപിനാഥ്‌, ജോസ്‌ ജോര്‍ജ്‌, മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്മാരായ സിറിള്‍ സി. വെള്ളൂര്‍, കെ. ഉദയകുമാര്‍, അബ്‌ദുള്‍ റസാക്ക്‌, ദേശീയ താരങ്ങളായിരുന്ന എം. ഉല്ലാസ്‌, ജോണിക്കുട്ടി അഗസ്‌റ്റിന്‍, ജിമ്മിക്കൊപ്പം അബുദാബി സ്‌പോര്‍ട്‌സ് ക്ലബിനുവേണ്ടി കളിച്ചിരുന്ന ഇന്ത്യന്‍ താരങ്ങളായ മാണി സി. കാപ്പന്‍, പി.ടി. തോമസ്‌, ജോണ്‍സണ്‍ ജേക്കബ്‌, എം.കെ. മാനുവല്‍, ചരിത്രത്തിലാദ്യമായി ഓള്‍ ഇന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയിച്ച ഒരു കോളജ്‌ ടീമായ പാലാ സെന്റ്‌ തോമസ്‌ കോളജ്‌ ടീമില്‍ ജിമ്മിക്കൊപ്പം കളിച്ച ഡോ. ജോര്‍ജ്‌ മാത്യു പുതിയിടം, സെബാസ്‌റ്റ്യന്‍ ജോസ്‌, സോജന്‍, പി.ജെ. ജോസ്‌, എം.എ. ജോസഫ്‌ എന്നിവര്‍ ജിമ്മിയുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്‌ക്കും. ഇവര്‍ക്കൊപ്പം ജിമ്മിയുടെ ഗുരുക്കന്മാരും പരിശീലകരുമായിരുന്ന കെ.ജി. ഗോപാലകൃഷ്‌ണന്‍നായര്‍, കാഞ്ഞിരപ്പള്ളി ദേവസ്യാച്ചന്‍, കലവൂര്‍ എന്‍. ഗോപിനാഥ്‌, ടി.എസ്‌. സക്കറിയാസ്‌, ജിമ്മിക്കൊപ്പം കേരളാ പോലീസിലും പ്രീമിയര്‍ ടയേഴ്‌സിലും കളിച്ച മുന്‍കാല വോളിബോള്‍ താരങ്ങളും പാലായില്‍ ഇന്നു നടക്കുന്ന വോളിബോള്‍ കൂട്ടായ്‌മയില്‍ പങ്കെടുക്കും.
'ജിമ്മി ജോര്‍ജ്‌ റിട്ടേണ്‍സ്‌' എന്ന പേര്‌ നല്‍കിയിരിക്കുന്ന സ്‌മരണാഞ്‌ജലിയില്‍ 1986-ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയ മാര്‍ച്ചിന്റെ മുഴുനീള കാസറ്റ്‌ ബിഗ്‌ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌.


21-ാം വയസില്‍ അര്‍ജ്‌ജുന അവാര്‍ഡ്‌ നേടിയ ജിമ്മി വോളിബോളിനു പുറമേ ചെസിലും നീന്തലിലും വിദഗ്‌്ദ്ധനായിരുന്നു.

പേരാവൂര്‍ കുടക്കച്ചിറ കുടുംബത്തില്‍ 1955 മാര്‍ച്ച്‌ എട്ടിന്‌ ജനിച്ച ജിമ്മി 1987 നവംബര്‍ 30-ന്‌ ഇറ്റലിയിലുണ്ടായ കാറപകടത്തിലാണ്‌ അനന്തതയുടെ ലോകത്തേക്ക്‌ യാത്രയായത്‌.

എം.എം.ജെ. ഗ്രൂപ്പ്‌സിന്റെ നേതൃത്വത്തില്‍ പാലാ വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഇന്നു നടക്കുന്ന 'ജിമ്മി ജോര്‍ജ്‌ റിട്ടേണ്‍സ്‌' സ്‌മരണാഞ്‌ജലി കോട്ടയം ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍ ഉദ്‌്ഘാടനം ചെയ്യും.

കെ.കെ. എബ്രാഹം മുഖ്യ പ്രഭാഷണം നടത്തും. യശഃശരീരായ പ്രതിഭകളെ സ്‌മരിച്ച്‌ ദീപം തെളിയിക്കുകയും മൗന പ്രാര്‍ഥന നടത്തുകയും ചെയ്യും. 25 വോളിബോള്‍ പ്രതിഭകളെ ചടങ്ങില്‍  ആദരിക്കും.

No comments:

Post a Comment