Thursday 8 December 2011

വാഹ്‌... സേവാഗ്‌



ഇന്‍ഡോര്‍: പണ്ട്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിനത്തില്‍ ആദ്യമായി ഇരട്ടസെഞ്ചുറി നേടി റെക്കോഡിട്ടപ്പോള്‍ താനായിരുന്നെങ്കില്‍ അവസാനം കൂറ്റനടികള്‍ക്കു ശ്രമിച്ച്‌ പുറത്തായേനേ എന്നാണ്‌ സേവാഗ്‌ അന്നു പറഞ്ഞത്‌. മൂന്നാം ഏകദിനത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ സേവാഗിന്‌ ഇതെന്തു പറ്റി എന്നായിരുന്നു ആരാധകര്‍ ചിന്തിച്ചത്‌. ഇതെല്ലാം ഒരിന്നിഗ്‌സിലൂടെ കടപുഴക്കി കാണിച്ചുകൊടുത്തു വീരനായകന്‍.

കഴിഞ്ഞ മത്സരത്തില്‍ തന്നെ പുറത്താക്കിയ വിന്‍ഡീസ്‌ ബൗളര്‍മാരെ സിക്‌സറിനു തൂക്കിയാണ്‌ സേവാഗ്‌ തുടങ്ങിയതു തന്നെ. ഏഴു കൂറ്റന്‍ സിക്‌സറുകള്‍. 25 ബൗണ്ടറികള്‍. 149 പന്തില്‍ 219 റണ്‍സ്‌ എന്ന ചരിത്രസ്‌കോറില്‍ സേവാഗ്‌ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 400 ലേക്ക്‌ അടുക്കുകയായിരുന്നു. 90 കളില്‍ സച്ചിന്‍ അനുഭവിക്കുന്ന സമ്മര്‍ദവും സേവാഗില്‍ കണ്ടില്ല. 200 റണ്‍ തികയ്‌ക്കുമ്പോഴും സിംഗിള്‍ എടുത്ത്‌ സമയം കൊല്ലാന്‍ സേവാഗ്‌ തുനിഞ്ഞില്ല.

70 പന്തില്‍ അഞ്ചു സിക്‌സുമായാണ്‌ സേവാഗ്‌ സെഞ്ചുറി പൂര്‍ത്തിയാക്കിയത്‌. എന്നിട്ടും അടങ്ങിയില്ല. വീണ്ടും സിക്‌സറുകളുടെ പെരുമഴ. ഇടയ്‌ക്ക് ഒരു വിശ്രമത്തിനായി ഫോറുകളും ഒഴുകി. 141 പന്തില്‍ 200 റണ്‍ തികച്ച സേവാഗ്‌ സാക്ഷാല്‍ സച്ചിനെത്തന്നെയാണ്‌ പിന്തള്ളിയത്‌. വെസ്‌റ്റിന്‍ഡീസിനെതിരേ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ അടിക്കുന്ന താരം എന്ന ബഹുമതിയും സേവാഗ്‌ സ്വന്തമാക്കി. മാര്‍ക്‌ വോയുടെ 173 എന്ന റെക്കോഡാണ്‌ സേവാഗ്‌ മറികടന്നത്‌.

2010 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 147 പന്തില്‍ നേടിയ 200 റണ്‍സാണ്‌ ഏകദിനക്രിക്കറ്റില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. സിംബാബ്‌വെയുടെ കോവെന്‍്‌ട്രി , പാകിസ്‌താന്റെ സയീസ്‌ അന്‍വര്‍ എന്നിവര്‍ 194 റണ്‍സ്‌ നേടിയതാണ്‌ സച്ചിന്‍ അന്നു പഴങ്കഥയാക്കിയത്‌. 239 ഏകദിനങ്ങളില്‍ 7800 റണ്‍സ്‌ നേടിയിട്ടുള്ള സേവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍ 175 റണ്‍സായിരുന്നു.
ആശസകള്‍....

No comments:

Post a Comment