Tuesday 13 December 2011

കേരളത്തില്‍ വാഹനം ഒാടിക്കുന്നവരുടെ ശ്രദ്ധക്ക്


കേരളത്തിലെ റോഡുകളിലൂടെ വാഹനം ഒാടിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കും പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഉള്ളതാണ് ഈ ട്രാഫിക് ഗൈഡ്.ഇത് ശ്രദ്ധിച്ച് നിങ്ങളുടെ റോഡ് ജീവിതം ആരംഭിച്ചാല്‍ നിരാശപ്പെടേണ്ടി വരില്ല, അത്ര തന്നെ.

1. ഇടത് വശം ചേര്‍ന്ന് വാഹനമോടിക്കണം എന്നാണ് ചട്ടം എങ്കിലും അത് നിങ്ങളൊഴികെ മറ്റുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള നിയമമാണെന്ന് ഉറച്ചുവിശ്വസിക്കുക. ആവശ്യമനുസരിച്ച് ഏതുവശത്തുകൂടെയും വണ്ടിയോടിക്കാം.കഴിവതും നടുക്കുകൂടി മാത്രം ഓടിക്കുക.

2. റോഡില്‍ നിങ്ങളുടെ വേഗതയാണ് യഥാര്‍ത്ഥ വേഗതയെന്നും മറ്റുള്ളവര്‍ അതനുസരിച്ച് അമിതവേഗത്തിലോ അമിതവേഗക്കുറവിലോ ആയിരിക്കുമെന്ന് മനസിലാക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ മെല്ലെപ്പോകുന്ന വാഹനങ്ങളെ എല്ലാം ഓവര്‍ടേക്ക് ചെയ്യുകയോ നിങ്ങളെ ഓവര്‍ടേക്ക് ചെയ്‍തു പോകുന്ന വാഹനങ്ങളെ “നിന്റെ ഒടുക്കത്തെ പോക്കാടാ”, “ആരെടെ അമ്മേ കെട്ടിക്കാന്‍ പോവാടാ” തുടങ്ങിയ അടയാളവാക്യങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുകയോ ചെയ്യാം.


3. ഓവര്‍ടേക്കിങ് എവിടെവച്ചും ആകാം. നിങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന നിമിഷം മുമ്പിലുള്ള വാഹനം ഇടത് ചേര്‍ത്ത് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നിങ്ങളെ വണങ്ങി നില്‍ക്കുയാണ് വേണ്ടതെങ്കിലും തല്‍ക്കാലം വാഹനത്തിനുള്ളില്‍ തന്നെയിരുന്ന് വിവിധതരം സിഗ്‍നലുകളാല്‍ നിങ്ങളെ അഭിവാദ്യം ചെയ്യേണ്ടതാകുന്നു. അങ്ങനെ ചെയ്യാതിരിക്കുകയോ നിങ്ങളെ കടത്തിവിടാന്‍ വൈമുഖ്യം കാണിക്കുകയോ ചെയ്യുന്ന പക്ഷം ബലമായി വേഗം കൂട്ടി മറ്റേവാഹനത്തിന്റെ ഒപ്പം നിന്ന് ഡ്രൈവറെ നോക്കി കൈകൊണ്ട് “എന്നാ ഒണ്ടാക്കുവാടാ കോപ്പേ” എന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിക്കുകയും പുച്ഛവും രോഷവും അടങ്ങിയ നോട്ടത്തോടെ മുന്നില്‍ കയറിക്കഴിഞ്ഞാല്‍ വണ്ടി ഇടത്തേക്ക് ചേര്‍ത്ത് അവനെ ഒതുക്കി പറ്റുമെങ്കില്‍ ഓടയില്‍ ചാടിക്കേണ്ടതാകുന്നു.

4. നിങ്ങളുടെ എതിര്‍വശത്ത് നിന്ന് ഓവര്‍ടേക്ക് ചെയ്‍ത് കയറിവരുന്ന വാഹനങ്ങളോടും സമാനമായ സമീപനമായിരിക്കണം. എത്ര ദൂരെ നിന്നായാലും ശരി ഒരു വാഹനം ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടാല്‍ വിടരുത് . ഹെഡ്‍ലൈറ്റ് അങ്ങ് ഇട്ടേക്കണം. അവന്‍ വിരണ്ട് പിന്മാറട്ടെ. റോഡ് ലോകത്തിന്റെ അവസാനം വരെ നിങ്ങളുടെ വാഹനത്തിന് തടസ്സമില്ലാതെ പോകാന്‍ പാകത്തില്‍ കിടക്കേണ്ടതാകുന്നു. ഈ ലക്ഷ്യത്തിനു വേണ്ടി ഹോണ്‍ ഉപയോഗിക്കാം. ഞെക്കി പിടിക്കുക. പെണ്‍കുട്ടികള്‍ നടന്നു പോകുന്നത് കാണുമ്പോള്‍ വളരെ ചെറിയ ഹോണ്‍ മുഴക്കാവുന്നതാണ് എടീ എന്നു വിളിക്കുന്നത് പോലെ കീ എന്നൊരു സാധനം. 98 ശതമാനം പെണ്ണുങ്ങളും നോക്കിയിരിക്കും. കീകീകീകീകീ… എന്നു നീട്ടിയടിക്കുകയോ വളഞ്ഞുപുളഞ്ഞ ഈണമുള്ള എയര്‍ഹോണ്‍ മുഴക്കുകയോ ചെയ്യരുത്. നിങ്ങള്‍ ഭൂലോകവായില്‍നോക്കിയാണെന്ന് അവള്‍ തിരിച്ചറിഞ്ഞുകളയും.

5. പാര്‍ക്കിങ് ആണ് മറ്റൊരു പ്രധാനസംഗതി. കഴിയുന്നതും നോ പാര്‍ക്കിങ് ബോര്‍ഡുകളുടെ ചുവട്ടില്‍ തന്നെ ഇടുക. കാരണം ബോര്‍ഡിന്റെ ചുവട്ടില്‍ പിന്നെ ഒരു പൊലീസുകാരന്‍ കൂടി നില്‍ക്കില്ല. പാര്‍ക്കിങ് പരിധിക്കു പുറത്തോ മറ്റോ മാത്രമേ പാവങ്ങള്‍ നില്‍ക്കൂ. ഇവിടം നോ പാര്‍ക്കിങ് സ്ഥലമാണ് എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട കോടീശ്വരന്മാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാന്‍ പറ്റൂ. അഥവാ വല്ല പൊലീസുകാരനും ബോര്‍ഡ് ചൂണ്ടിക്കാണിച്ചു കൊണ്ട് വന്നാല്‍ അയ്യോ സര്‍ നോ കണ്ടില്ല കേട്ടോ, അത് തെളിഞ്ഞിട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞ് ഊരാം.

6. സീബ്രവരകളാണ് മറ്റൊരു സംഗതി.പ്രധാന ജംക്ഷനുകളിലും മറ്റും റോഡിന്റെ ഭംഗികൂട്ടാന്‍ വേണ്ടിയാണ് ഇത് വരയ്‍ക്കുന്നത്. ചിലര്‍ ഇതു വഴി റോഡ് മുറിച്ചുകടക്കാറുമുണ്ട്. രോഗികള്‍ വൃദ്ധര്‍ വികലാംഗര്‍ സ്‍ത്രീകള്‍ കുട്ടികള്‍ തുടങ്ങിയവര്‍ ഇതുവഴി റോഡ് മുറിച്ചുകടക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ വീരശൂരപരാക്രമികളായ നിങ്ങള്‍ വെറുമൊരു റോഡ് മുറിച്ചുകടക്കാന്‍ സീബ്രവരയില്‍ കാത്തുനില്‍ക്കുക എന്നത് വളരെ ല‍ജ്ജാകരമാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്ത് വരയില്ലാത്ത ഭാഗത്തുകൂടി കൂളായിട്ട് മുറിച്ചുകടക്കുകയാണ് വേണ്ടത്.


7. റോഡിലെ സ്‍ത്രീകളാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ഹോണ്‍ അടിക്കുന്നതിനെക്കുറിച്ച് മുകളില്‍ പറഞ്ഞുകഴിഞ്ഞു. റോഡില്‍ കാല്‍നടക്കാരായും മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരായും ഒക്കെ ധാരാളം സ്‍ത്രീകളുണ്ടാവും ഇവരുമായുള്ള ബന്ധം എങ്ങനെയായിരിക്കുന്നു എന്നത് പ്രധാനമാണ്. നിങ്ങളുടെ വാഹനത്തിന്റെ മുന്നില്‍ ഒരു ബൈക്കിന്റെ പിന്നില്‍ ഒരു സ്‍ത്രീ ഇരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യേണ്ട കാര്യമില്ല. ബസ്‍ സ്‍റ്റോപ്പുകളില്‍ കാത്തുനില്‍ക്കുന്നവരെയും ശ്രദ്ധിക്കുക. ബസിനെ മാത്രം കാത്തുനില്‍ക്കുന്നവരുണ്ട്. അവരെ വിട്ടേക്കുക. അവര്‍ ബസിനേ കയറൂ. ബസുകിട്ടാതെയും മറ്റും ഏതെങ്കിലും ഒറു ലിഫ്‍ട് കിട്ടാന്‍ പ്രാര്‍ത്ഥിച്ച് രോഡിലൂടെ പോകുന്ന ഓരോ വാഹനത്തിന്റെയും ഡ്രൈവറെ നോക്കി നോക്കി നില്‍ക്കുന്നവരുമുണ്ടാവും. വണ്ടി ചവുട്ടി നിര്‍ത്തുക. അവര്‍ അടുത്തെത്തുമ്പോള്‍ പരിചയപ്പെടുത്താനൊന്നും നില്‍ക്കാതെ പോവേണ്ട സ്ഥലം ചോദിക്കുക, കയറാന്‍ പറയുക.ബാക്കി കാര്യങ്ങള്‍ മുറ പോലെ നടന്നോളും.

8. ബസുകള്‍ കേരളത്തിലെ റോഡുകളിലെ ഒഴിച്ചുകാടാനാവാത്ത സംഗതികളാണല്ലോ. അതുപോലെ തന്നെ നാഷനല്‍ പെര്‍മിറ്റ് ലോറികളും. രണ്ട് കൂട്ടരോടും അല്‍പം ബഹുമാനമൊക്കെയാവാം. കാരണം, അവന്മാര്‍ തട്ടിയിട്ടേച്ചുപോയാല്‍ ഹൈവേ പൊലീസ് പോലും തിരിഞ്ഞു നോക്കില്ല. നാഷനല്‍ പെര്‍മിറ്റ് ലോറികളില്‍ നിന്ന് മിനിമം 10 കിലോമീറ്ററെങ്കിലും അകലം പാലിക്കുക. അതില്‍ നിന്ന് ആര് ,എപ്പോള്‍ ,എങ്ങനെ ചാടിവരും എന്നത് പറയാനൊക്കാത്തതിനാലാണീ മുന്‍കരുതല്‍. ബസുകളോടും അങ്ങനെ തന്നെയായിരിക്കണം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‍റ്റുകളോട് നമുക്ക് ചെയ്യാന്‍ കഴിയുന്നതിത്രമാത്രം. ബസ് പിന്നിലാണെങ്കില്‍ നിങ്ങളുടെ വാഹനം റോഡിന്റെ നടുവിലൂടെ തന്നെ ഓടിക്കുക. ഒന്നു കയറിപ്പോകാന്‍ വേണ്ടി വെപ്രാളപ്പെട്ട് സര്‍ക്കാര്‍ ഡ്രൈവന്‍ ബസ് റോഡിന്റെ ഇടത്തും വലത്തും ഓടിച്ചാലും ശരി നിങ്ങള്‍ അണുവിടപോലും മാറ്റിക്കൊടുക്കരുത്. സംസ്ഥാനസര്‍ക്കാര്‍ നിങ്ങളുടെ കാരുണ്യം തേടി ഓച്ഛാനിച്ചുനില്‍ക്കുന്നതിന് സമാനമായ ചില തോന്നുലുകള്‍ ഉണ്ടാവുന്നത് ആസ്വദിക്കുക. എന്നാല്‍ ഏറെ നേരം നമുക്കിങ്ങനെ നില്‍ക്കാന്‍ കഴിയില്ല. അതിന് എതിര്‍വശത്ത് നിന്ന് ഒന്നിലേറെ വാഹനങ്ങള്‍ വരുന്നുണ്ട് എന്നു ബോധ്യമായാല്‍ പഞ്ചപാവത്തെപ്പോലെ നിങ്ങള്‍ വണ്ടി സൈഡിലേക്കൊതുക്കി വേഗത ഒന്നുകൂടി കുറച്ച് കയറിപ്പൊയ്‍ക്കൊള്ളാന്‍ ആംഗ്യം കാണിക്കുക. എങ്ങനെ കയറിപ്പോകാന്‍ ? എന്നാല്‍ എതിര്‍വശത്തു നിന്നുള്ള വാഹനങ്ങള്‍ പോയിക്കഴിയുമ്പോള്‍ അവന്‍ ആവേശപൂര്‍വം ഇരപ്പിച്ചുവരും ഈ സമയം നിങ്ങളും വേഗം കൂട്ടി റേഡിനു നടുവിലേക്കു കയറി വഴി മുടക്കുക. തിരക്കില്ലാത്ത യാത്രകളില്‍ ബോറടി മാറ്റാന്‍ പറ്റുന്ന രസകരമായ ഗെയിമാണിത്.

9. മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ചും സര്‍ക്കാര്‍ ചില നിയമങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സത്യത്തില്‍ വാഹനമോടിക്കുമ്പോഴാണ് നമ്മള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കേണ്ടത്. ഫോണ്‍ തോളില്‍ വച്ച് സംസാരിക്കുന്നതിനെക്കാള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ബ്ലൂടൂത്ത് ഹെ‍ഡ്‍സെറ്റ് ആണെങ്കില്‍ വളരെ സൌകര്യമായി. അത്യാവശ്യം സംസാരിക്കുന്ന പെണ്‍കുട്ടികളെയൊക്കെ വിളിക്കാന്‍ പറ്റിയ സമയമാണ് ഡ്രൈവിങ്.

10. ഹൈവേ പൊലീസ്, വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, ലോക്കല്‍ പൊലീസ് തുടങ്ങിയ ശല്യങ്ങളെയാണ് അടുത്തതായി കൈകാര്യം ചെയ്യേണ്ടത്. കൈനീട്ടുമ്പോഴേ പരുങ്ങരുത്. വിലകൂടിയ വാച്ച് മോതിരം തുടങ്ങിയ സംഗതികളോടുകൂടിയ ഒരു കൈ സ്വന്തമായുണ്ടാവണം. ലെവന്മാര്‍ കൈ നീട്ടുമ്പോള്‍ നിങ്ങള്‍ പുറത്തേക്കിടുന്നത് ഈ സംഗതിയാണല്ലോ. അത് കാണുമ്പോളെ ഇവന്‍ ചില്ലറക്കാരനല്ല്ലല്ലോ എന്നവര്‍ക്കു തോന്നണം. അടുത്ത പടി ഡയലോഗ് കാച്ചാം- പ്ലീസ്, നമുക്ക് പിന്നെ കാണാം.. ഒരു കോണ്‍ഫറന്‍സിന് പോകുന്നവഴിയാ.. മിനിസ്‍റ്റര്‍ ചേംബറില്‍ വെയിറ്റ് ചെയ്യുന്നു..നമുക്ക് പിന്നെ കാണാം..! അല്ലെങ്കില്‍ -ഞാന്‍ കലക്ടറുടെ കൂടെ രണ്ട് ദിവസമായി ഉറക്കം പോലുമില്ലാതെ ഒരു പ്രൊജക്ടിന്റെ പിന്നാലെയായിരുന്നു. അയാം ടയേര്‍ഡ്.. പ്ലീസ് നമുക്ക് പിന്നെ കാണാം ! – തുടങ്ങിയ ഡയലോഗുകളാണ് ഫലപ്രദം.

ഇതിന്റെ പ്രായോഗിക വശമെന്ന നിലയില്‍ വണ്ടിയുടെ മുന്‍വശത്തും പിന്നിലും വിവിധ തരം സ്‍റ്റിക്കറുകള്‍ ഒട്ടിക്കാവുന്നതാണ്. വക്കീല്‍, ഡോക്ടര്‍, പ്രസ്,ലയണ്‍,ജേസി തുടങ്ങിയ സ്‍റ്റിക്കറുകളാണ് വേണ്ടത്. എല്ലാം കൂടി ഒട്ടിക്കണമെന്നില്ല. ഓരോന്നോരോന്നായി മതി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.മുന്‍പില്‍ വക്കീലിന്റെ ചിഹ്നം ഒട്ടിച്ചാല്‍ കഴിയുമെങ്കില്‍ പിന്നിലും അത് തന്നെ ഒട്ടിക്കുക. ഇനിയിപ്പോള്‍ മാറിപ്പോയിട്ട് ആരെങ്കിലും ചോദിച്ചാലും നിങ്ങള്‍ വക്കീലും ഭാര്യ ഡോക്‍ടറുമാണെന്ന് പറഞ്ഞേക്കുക. അത്ര തന്നെ.