Saturday 17 December 2011

അണക്കെട്ടിന്റെ ചരിത്രവും കരാറും




പതിനേഴാം നൂറ്റാണ്ട്. തമിഴ്‌നാട് പ്രദേശത്തെ രാമനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ കീഴിലായിരുന്നകാലം രാജാവ് പ്രായപൂര്‍ത്തിയാകാത്ത ബാലനായിരുന്നതിനാല്‍ 'പ്രധാനി'മാര്‍ക്കായിരുന്നു ഭരണച്ചുമതല. ഭരണകാര്യങ്ങളില്‍ ദീര്‍ഘവീക്ഷണമുള്ള പ്രധാനി മുതിരുള്ളപ്പപിള്ളയ്ക്കായിരുന്നു ഭരണത്തിന്റെ പൂര്‍ണ്ണചുമതല.കൃഷിവ്യാപിപ്പിച്ചും റോഡുകള്‍ നിര്‍മ്മിച്ചും നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ പരിശ്രമിച്ച മുതിരുള്ളപ്പപിള്ളയ്ക്ക് നാട്ടിലെ ജലക്ഷാമം കടുത്തവെല്ലുവിളിയായിരുന്നു. രാമനാട്ടിലെ വൈഗേയിനദിയില്‍ വേനലില്‍ വേണ്ടത്ര വെള്ളമുണ്ടാകില്ല. അതിനാല്‍ നാട്ടിലും വരള്‍ച്ചയാണ്. വൈഗേയിനദി ഉത്ഭവിക്കുന്ന പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച് തിരുവിതാംകൂറിലൂടെ ഒഴുകുന്ന പെരിയാറിലാണെങ്കില്‍ ഇഷ്ടംപോലെ വെള്ളം. ഈ വെള്ളം ഉപയോഗപ്പെടാതെ കടലിലേക്ക് ഒഴുകിപ്പോകുന്നു. ഈ കാലത്ത് മുതിരുള്ളപ്പപിള്ളയുടെ കണ്ണ് പെരിയാറിലെ വെള്ളത്തിലായിരുന്നു. നദിയിലെ വെള്ളം രാമനാട് പ്രദേശത്തേക്ക് തിരിച്ചുവിട്ട് വൈഗേയിനദിയിലെത്തിക്കാനുള്ള ആദ്യ ആലോചനകള്‍ 1789-ല്‍ നടത്തിയത് മുതിരുളളപ്പപിള്ളയാണ്. ഇതിനായി ഒരു പദ്ധതിയും അദ്ദേഹം മുന്നോട്ടു വെച്ചിരുന്നു.

പക്ഷേ, രാജ്യഭരണം ഏറ്റെടുത്ത സേതുപതിരാജാവ് പിന്നീട് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരെ സുഖിപ്പിച്ച് ഭരണം നടത്തുക എന്നതായിരുന്നു മുതിരുള്ളപ്പപിള്ളയുടെ നിലപാട്. ഈ പ്രശ്‌നത്തിന്റെ പേരില്‍ രാജാവും പ്രധാനിയും അകന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ മുത്തുരാമലിംഗ സേതുപതിയെ 1795ല്‍ അവര്‍ സ്ഥാനഭ്രഷ്ടനാക്കി. മദിരാശി പ്രസിഡന്‍സിയുടെ കൈയിലായ തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ടിക്കല്‍, രാമനാഥപുരം പ്രദേശങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാര്‍ക്കും തലവേദനയായിരുന്നു. ഈ പ്രദേശത്ത് മഴകുറവ്, വരള്‍ച്ചയും. എന്നാല്‍ തൊട്ടടുത്ത് പശ്ചിമഘട്ടം കടന്നാല്‍ തിരുവിതാംകൂറിലാണെങ്കില്‍ നിറഞ്ഞൊഴുകുന്ന പെരിയാര്‍. പുഴകളും കായലുകളുംകൊണ്ട് തിരുവിതാംകൂര്‍ പ്രദേശം പച്ചപിടിച്ചു കിടക്കുന്നു.

അങ്ങനെ പെരിയാര്‍ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുര, രാമനാഥപുരം ജില്ലകളിലൂടെ ഒഴുകുന്ന വൈഗേയിനദിയിലേക്ക് തിരിച്ചുവിടാന്‍ ആലോചനയുണ്ടായി. സര്‍ ജെയിംസ് കാള്‍ഡ്‌വെല്ലിനെ 1808ല്‍ ഇതേകുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു. ഈ ഉദ്യമം വേണ്ടത്ര ഫലവത്താകില്ല എന്നായിരുന്നു കാള്‍ഡ്‌വെല്ലിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ വെള്ളം തിരിച്ചുവിടാനുള്ള ആലോചനയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പിന്‍മാറിയില്ല. പിന്നീട് ക്യാപ്റ്റന്‍ ഫേബര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 1850ല്‍ വെള്ളം തിരിച്ചുവിടാന്‍ ചെറിയൊരു അണക്കെട്ടിെന്റ പണിതുടങ്ങി. ചിന്ന മുളിയാര്‍ എന്ന പെരിയാര്‍ നദിയുടെ കൈവഴിയിലെ വെള്ളം തിരിച്ചുവിടാനായിരുന്നു ഇത്. പെട്ടെന്ന് പടര്‍ന്നുപിടിച്ച മലമ്പനിമൂലം തൊഴിലാളികളെ കിട്ടാതായി. ബാക്കിയുള്ളവര്‍ വന്‍തോതില്‍ കൂലി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ പണി നിര്‍ത്തിവെച്ചു.

കുടിവെള്ളം പോലുംകിട്ടാതെ വലയുന്ന ജനങ്ങളുടെ രക്ഷയ്ക്കായി ബ്രിട്ടീഷ് ഭരണാധികാരികള്‍ പല മാര്‍ഗങ്ങളും ആലോചിച്ചു. മധുരജില്ലാ എഞ്ചിനിയര്‍ മേജര്‍ റിവ്‌സ് പെരിയാറിലെ വെള്ളം തിരിച്ചുവിടാനായി 1867ല്‍ മറ്റൊരു പദ്ധതി മുന്നോട്ടുവെച്ചു. പെരിയാറില്‍ 162 അടി ഉയരമുള്ള അണക്കെട്ട് പണിത് ചാലുകീറി വൈഗേയിനദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളം വിടാനായിരുന്നു ഇത്. 17.49 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്. പക്ഷെ അണക്കെട്ട് പണിയുമ്പോള്‍ വെള്ളം താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്താന്‍ എളുപ്പമല്ല എന്നകാരണത്താലും പണി നീണ്ടുപോകുമെന്നതിനാലും ഇത് ഉപേക്ഷിച്ചു. ഈ പദ്ധതിപരിഷ്‌കരിച്ച് 1870ല്‍ ആര്‍. സ്മിത്ത് അണക്കെട്ടിന്റെ സ്ഥാനം മാറ്റി പുതിയൊരുപദ്ധതി നിര്‍ദ്ദേശിച്ചു. 175 അടി ഉയരത്തില്‍ അണക്കെട്ട് പണിത് 7000 അടി നീളത്തില്‍ ടണലുണ്ടാക്കി പെരിയാറിലെ വെള്ളം സുരുളിയാറിലേക്ക് കൊണ്ടു പോകാനായിരുന്നു ഉദ്ദേശം. 53.99 ലക്ഷമാണ് ചെലവ് കണക്കാക്കിയിരുന്നത്. പക്ഷേ ചീഫ് എഞ്ചിനിയറായിരുന്ന ജനറല്‍വാക്കര്‍ കണ്ടെത്തിയ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അതും ഉപേക്ഷിച്ചു.

1882ല്‍ പെരിയാറിലെ വെള്ളം വൈഗേയിലെത്തിക്കുന്നതിനായി പദ്ധതി സമര്‍പ്പിക്കാന്‍ എഞ്ചിനിയര്‍ ക്യാപ്റ്റന്‍ പെനിക്യുക്ക്, ആര്‍. സ്മിത്ത് എന്നിവരെ ചുമതലപ്പെടുത്തി. എല്ലാ പഴയ പദ്ധതികളും പഠിച്ച ശേഷം പുതിയത് രൂപപ്പെടുത്താനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് പെനിക്യുക്ക് റിപ്പോര്‍ട്ട് നല്‍കി. 155 അടി ഉയരമുള്ള അണക്കെട്ടിനാണ് പെനിക്യുക്ക് പദ്ധതിയുണ്ടാക്കിയത്. താഴെ 115.75 അടിയും മുകളില്‍ 12 അടിയുമാണ് വീതി.ചുണ്ണാമ്പ്, സുര്‍ക്കി, കരിങ്കല്‍ എന്നിവകൊണ്ടുള്ള അണക്കെട്ടിന്ന് 53 ലക്ഷം രൂപയാണ് നിര്‍മ്മാണചെലവ്. ഈ തുകയുടെ ഏഴ് ശതമാനം എല്ലാം വര്‍ഷവും പദ്ധതിയില്‍ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു എസ്റ്റിമേറ്റ് റിപ്പോര്‍ട്ട്. കൊടും വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ പെനിക്യുക്ക് സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

പെരിയാറിലെ വെള്ളം തിരിച്ചുവിടാനുള്ള പദ്ധതിയെക്കുറിച്ച് 1862 മുതല്‍ തന്നെ ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ ധരിപ്പിച്ചിരുന്നു. നിരന്തരം കത്തെഴുത്തുകളും നടത്തിയിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു അന്ന് തിരുവിതാംകൂര്‍ ഭരണാധികാരി. രാജാവ് കുറേക്കാലം ഇതിനെ എതിര്‍ത്തു. വെള്ളം തിരിച്ചുവിടുന്ന പദ്ധതിക്ക് അനുമതിനല്‍കില്ലെന്ന് അദ്ദേഹം ബ്രിട്ടീഷുകാരെ അറിയിച്ചു. ബ്രിട്ടീഷുകാരുടെ നിരന്തര പ്രേരണയും ഭീഷണിയും മൂലം അവസാനം മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ദിവാന്‍ രാമഅയ്യങ്കാര്‍ക്ക് രാജാവ് അനുമതി നല്‍കി. ബ്രിട്ടീഷുകാരുടെ ഭീഷണിക്കും തോക്കിനും മുന്നില്‍ രാജാവിന് അടിയറവ് പറയേണ്ടിവന്നു എന്ന ചരിത്രസത്യത്തിന് സാക്ഷിയാണ് കരാറിന് അനുമതിനല്‍കിയശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍. 'എന്റെ ഹൃദയത്തില്‍നിന്നുള്ള രക്തം കൊണ്ടാണ് ഞാന്‍ കരാറില്‍ ഒപ്പിടാന്‍ അനുമതിനല്‍കിയത്'എന്നായിരുന്നു രാജാവിന്റെ ഗദ്ഗദത്തോടെയുള്ള വാക്കുകള്‍.

(മുല്ലപ്പെരിയാര്‍ അണക്കെട്ടും കേരളത്തിന്റെ ഭാവിയും എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment