Friday 25 November 2011

ഈരാറ്റുപേട്ട കുലുങ്ങിയില്ല



ഈരാറ്റുപേട്ട മുതല്‍ തെക്കോട്ടു വ്യാഴാഴ്‌ച ഭൂചലനമുണ്ടാകുമെന്ന ബേപ്പൂര്‍ പുളിശേരില്‍ ശിവനുണ്ണിയുടെ പ്രവചനം പിഴച്ചു. ഭീതിയും പ്രാര്‍ഥനയുമായി കാത്തിരുന്ന ഈരാറ്റുപേട്ടക്കാര്‍ക്ക്‌ ആശ്വാസം. പ്രാര്‍ഥന പതിവില്ലാത്തവരെക്കൊണ്ടുപോലും ദൈവത്തെ വിളിപ്പിക്കാന്‍ കഴിഞ്ഞെന്നു ശിവനുണ്ണിക്കും ആശ്വസിക്കാം.

ഇന്നലെ രാവിലെ ഒന്‍പതിനും പതിനൊന്നിനുമിടയില്‍ ഈരാറ്റുപേട്ട മേഖലയില്‍ ഭൂകമ്പമുണ്ടാകുമെന്നായിരുന്നു ശിവനുണ്ണിയുടെ പ്രവചനം. സ്‌ഥലം എം.എല്‍.എയും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി. ജോര്‍ജിന്റെ ജാഗ്രതാനിര്‍ദേശവും വന്നതോടെ നാടിന്റെ നെഞ്ചിടിപ്പു കൂടി. വിദ്യാഭ്യാസവകുപ്പ്‌ അധികൃതര്‍ സ്‌കൂളുകള്‍ക്ക്‌ അവധി പ്രഖ്യാപിക്കുകയും ചെയ്‌തോടെ പരിഭ്രാന്തി ഇരട്ടിച്ചു.

ഈരാറ്റുപേട്ടക്കാര്‍ ബുധനാഴ്‌ച രാത്രി ഉറങ്ങിയില്ല. ഇന്നലെ പുലര്‍ന്നതോടെ സ്‌ത്രീകളും കുട്ടികളുമെല്ലാം വീടുകളില്‍നിന്നു പുറത്തിറങ്ങി. ഈരാറ്റുപേട്ട ടൗണ്‍ ഹര്‍ത്താലിനെ ഓര്‍മിപ്പിക്കുംവിധം വിജനമായി. രാവിലെ ആറിനു തുറക്കാറുള്ള വ്യാപാരസ്‌ഥാപനങ്ങള്‍ ഇന്നലെ തുറന്നപ്പോള്‍ ഏറെ വൈകി. ബിവറേജസ്‌ കോര്‍പറേഷന്റെ മദ്യവില്‍പനശാലയ്‌ക്കു മുന്നില്‍പോലും ആളൊഴിഞ്ഞു.

വൃശ്‌ചികപ്പുലരികളില്‍ പതിവുള്ള തണുപ്പ്‌ ഇന്നലെ മാറിനിന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ സൂര്യന്‍ വല്ലപ്പോഴുമെത്തുന്ന അതിഥിയായി. ഇടയ്‌ക്കു ചെറുതായി മഴ പൊടിഞ്ഞു. അന്തരീക്ഷത്തിന്റെ ഭാവമാറ്റവും നാട്ടുകാരെ ഭയചകിതരാക്കി. ചില ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. നടയ്‌ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മഹാരാഷ്‌ട്ര സ്വദേശികളായ സ്വര്‍ണപ്പണിക്കാരുടെ കുടുംബം രാവിലെ ഏഴു മുതല്‍ പ്രത്യേകം പ്രാര്‍ഥന നടത്തി.

ഉച്ചയ്‌ക്കുശേഷം സ്‌കൂളുകള്‍ തുറന്ന്‌ മരച്ചുവട്ടിലിരുന്നു ക്ലാസെടുക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സ്‌കൂളുകളൊന്നും പ്രവര്‍ത്തിച്ചതേയില്ല. ഭൂചലനത്തിന്റെ വാര്‍ത്തകള്‍ ചൂടോടെ പ്രേക്ഷകരിലെത്തിക്കാന്‍ തമ്പടിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണു പുറത്തുനിന്നും ഈരാറ്റുപേട്ടയിലേക്ക്‌ എത്തിയത്‌. സമയം പതിനൊന്നു പിന്നിട്ടതോടെയാണു നാട്ടുകാരുടെ ഭയപ്പാട്‌ ഒഴിഞ്ഞുതുടങ്ങിയത്‌.

റിക്‌ടര്‍ സ്‌കെയിലില്‍ 4.6 മുതല്‍ 5.3 വരെ തീവ്രതയുള്ള ഭൂചലനമാണു ശിവനുണ്ണി പ്രവചിച്ചിരുന്നത്‌. ഡിസംബര്‍ ഒന്‍പതിനു കൂടുതല്‍ ശക്‌തിയുള്ള ഭൂകമ്പമുണ്ടാകുമെന്നും ശിവനുണ്ണി പ്രവചിച്ചിട്ടുണ്ട്‌.

അതേസമയം, ശിവനുണ്ണിയുടെ ഫോണിന്‌ ഇന്നലെ വിശ്രമമില്ലായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നു നിരവധിയാളുകളാണു ഫോണില്‍ വിളിച്ചു രോഷം കൊണ്ടത്‌. ഭൂകമ്പം ഭയന്നു വീട്ടില്‍നിന്നു പുറത്തിറങ്ങി നിന്നതും മറ്റു വീടുകളില്‍ അഭയം തേടിയതും അവര്‍ ശിവനുണ്ണിയോട്‌ പറഞ്ഞു. പ്രവചനത്തിന്റെ ആധികാരികതയും അവര്‍ ചോദ്യം ചെയ്‌തു. ഇതേതുടര്‍ന്ന്‌ ഇനി ഭൂകമ്പ പ്രവചനത്തിനു ശിവനുണ്ണി മടിക്കുകയാണ്‌. കോസ്‌മിക്‌ രശ്‌മികളെ അടിസ്‌ഥാനമാക്കിയാണ്‌ എസ്‌.എസ്‌.എല്‍.സി. വിദ്യാഭ്യാസമുള്ള ശിവനുണ്ണി ഭൂകമ്പ പ്രവചനം നടത്തുന്നത്‌.

കടപ്പാട്- മംഗളം

1 comment:

  1. ee vivarangal ariyaan .. saathichathil santhosham ariyikkunnoo..*

    ReplyDelete